ഗുണമേന്മയി​ൽ ഇന്ത്യൻ നഗരങ്ങളി​ൽ
കൊച്ചി നമ്പർ 5

കൊച്ചി: ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്ന ഓക്‌സ്‌ഫെഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സിൽ കൊച്ചിക്ക് മികച്ച നേട്ടം. ഗുണമേന്മയുള്ള ജീവിതസാഹചര്യങ്ങൾ ലഭ്യമാകുന്ന ഇന്ത്യൻ നഗരങ്ങളിൽ അഞ്ചാം സ്ഥാനമാണ് കൊച്ചിക്ക്. ലോക റാങ്കിംഗിൽ 521-ാമതും.

അനുദിനം വളരുന്ന കൊച്ചി നഗരത്തിന് പുതിയ പൊൻതൂവൽ കൂടിയാണി​തെങ്കി​ലും

തി​മി​ർത്ത് പെയ്യുന്ന ഇടവപ്പാതി​ മഴയി​ൽ വെള്ളക്കെട്ടി​ൽ വലയുകയാണ്.

രാജ്യത്തെ മെട്രോ നഗരികളേക്കാൾ ജീവിക്കാൻ നല്ലതും ആകർഷണീയമായതും കൊച്ചിയും തൃശൂരും കോഴിക്കോടും പോലുള്ള താരതമ്യേന ചെറുതായ കേരളത്തിലെ നഗരങ്ങളാണെന്നാണ് റിപ്പോർട്ടിലുള്ളത്. നഗരവാസികളുടെ സൗഖ്യം, സാമ്പത്തിക, ആരോഗ്യനിലവാരം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയവയായിരുന്നു ജീവിതത്തിന്റെ ഗുണമേന്മ വിലയിരുത്താൻ പരിഗണിച്ചത്. കൊൽക്കത്ത, ഹൈദരാബാദ്, പോണ്ടിച്ചേരി, അഹമ്മദാബാദ്, മൈസൂർ എന്നിവയെല്ലാം കൊച്ചിക്ക് പിന്നിലാണ്.

• നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത, ഭരണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്‌സ്‌ഫെഡ് ഇൻഡക്‌സ് റാങ്ക് ചെയ്തത്.

• 163 രാജ്യങ്ങളിലെ 1000 നഗരങ്ങളാണ് പരിഗണിച്ചത്. യു.എസിലെ ഏഴ് നഗരങ്ങൾ ആദ്യ പത്തിൽ ഇടം നേടി. ഇന്ത്യയിലെ 36 നഗരങ്ങൾ പട്ടികയിലുണ്ട്.

കൊച്ചിയും തൃശൂരും കൂടാതെ കോഴിക്കോട്- 580, കോട്ടയം- 649, തിരുവനന്തപുരം- 686, കണ്ണൂർ- 759 എന്നീ നഗരങ്ങളും പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ ഒന്നാമത് ഡൽഹിയാണ്. 350-ാം റാങ്കാണ് ഡൽഹി നേടിയത്.

ആദ്യ പത്ത് സ്ഥാനങ്ങൾ

ഡൽഹി- 350

ബംഗളൂരു- 411

മുംബയ്- 427

ചെന്നൈ- 472

കൊച്ചി- 521

കൽക്കട്ട-528

പൂനെ- 534

തൃശൂർ-550

ഹൈദരാബാദ്- 564

കോഴിക്കോട്- 580

കൊച്ചി നഗരത്തിന് ഇനിയും മുന്നേറേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, നഗരത്തിലെ വെള്ളക്കെട്ട് എന്നിവയിലെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്. അത് സാദ്ധ്യമായാൽ കൊച്ചി ഇന്ത്യയിൽ ഒന്നാമതാകും.

അഡ്വ. എം. അനിൽകുമാർ,

മേയർ, കൊച്ചി