* പാർക്ക് തുറന്നത് 2002 നവംബർ 14ന്
* നവീകരിച്ച് തുറന്നത് 2023 ഒക്ടോബർ 31ന്
ആലുവ: മുക്കാൽ കോടിയോളംരൂപ ചെലവഴിച്ച് നവീകരിച്ച ആലുവ ജവഹർലാൽ നെഹ്റു മുനിസിപ്പിൽ പാർക്കിലെ കുട്ടികളുടെ ട്രാഫിക് പാർക്കിൽ എഴ് മാസമായിട്ടും കളിവാഹനങ്ങളെത്തിയില്ല. മദ്ധ്യവേനലവധി അവസാനിപ്പാൻ ഒടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും കുട്ടികളുടെ പാർക്ക് ശൂന്യമാണ്. സ്വകാര്യസ്ഥാപനം നൽകിയ അഞ്ചുലക്ഷംരൂപ നഗരസഭയുടെ അക്കൗണ്ടിൽ ഉണ്ടായിട്ടും കളിവാഹനങ്ങൾ വാങ്ങാതിരുന്നതിന് ന്യായീകരണമില്ല.
ഗതാഗതനിയമത്തെക്കുറിച്ചുള്ള ബോധവത്കരണം കുട്ടിക്കാലം മുതൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2002 നവംബർ 14ന് ശിശുദിനത്തിലാണ് ചാച്ചാ നെഹ്റു ചിൽഡ്രൻസ് ട്രാഫിക്പാർക്ക് തുറന്നത്. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന സൈക്കിൾ മുതൽ ലോറികളുടെ രൂപത്തിൽ വരെയുള്ള വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു. നിലവാരം കുറഞ്ഞവയായതിനാൽ അതിവേഗം നശിച്ചു. ഇതേത്തുടർന്ന് എട്ടുവർഷംമുമ്പ് നഗരസഭ വീണ്ടും വാങ്ങിയ കളിവാഹനങ്ങളും രണ്ട് മാസത്തിനകം നശിച്ചു. തുടർന്നുണ്ടായ അഴിമതി ആരോപണം നഗരസഭയെ ഏറെക്കാലം പിടിച്ചുലച്ചതിനാലാണ് നിലവാരമുള്ള കളിവാഹനങ്ങൾ അന്വേഷിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അത് 'ഒന്നൊന്നര' അന്വേഷണമായെന്നാണ് പ്രതിപക്ഷവും നാട്ടുകാരും പരിഹസിക്കുന്നത്.
പൂന്തോട്ടം, നടപ്പാത, പുഴയോര വാക്‌വേ, ഓപ്പൺജിം, കിഡ്‌സ് പ്ലേപാർക്ക്, സ്‌കേറ്റിംഗ് ട്രാക്ക്, സീനിയർ സിറ്റിസൺ കോർണർ, കഫെറ്റീരിയ, ടോയ്ലെറ്റ്, ഇ.എം.എസ് സാംസ്‌കാരികകേന്ദ്രം എന്നിവയെല്ലാം നവീകരിച്ചും പുതിയതായി സ്ഥാപിച്ചുമെല്ലാം 2023 ഒക്ടോബർ 31ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് പാർക്ക് തുറന്നത്. കുട്ടികളുടെ ട്രാഫിക് പാർക്കിൽ ഒരാഴ്ചയ്ക്കകം നിലവാരമുള്ള കളിവാഹനങ്ങളെത്തുമെന്നായിരുന്നു നഗരസഭ അധികൃതരുടെ പ്രഖ്യാപനം.
നഗരസഭയും അപ്പോളോ ടയേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി 45ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. നവീകരണം പൂർത്തിയായപ്പോൾ വൈദ്യുതീകരണം ഉൾപ്പെടെ മുക്കാൽകോടിയിലെത്തി. ആലുവ നെസ്റ്റ് ഗ്രൂപ്പാണ് കുട്ടികളുടെ കളിവാഹനങ്ങൾക്കായി അഞ്ചുലക്ഷംരൂപ നൽകിയത്.
നിലവാരമുള്ളവ വാങ്ങും
പലയിടത്തും അന്വേഷിച്ചെങ്കിലും ഇരുമ്പ് ഉപയോഗിച്ച് നിർമ്മിച്ച കളിവാഹനങ്ങൾ ലഭിച്ചില്ല. പ്ളാസ്റ്റിക്കും ഫൈബറുമാണ് വിപണിയിലുള്ളത്. ഇരുമ്പിൽ നിർമ്മിക്കുന്ന കമ്പനി കോയമ്പത്തൂരിലുണ്ട്. അവിടെ നേരിട്ടുപോയി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കോയമ്പത്തൂരിൽ നിന്ന് സാധനങ്ങൾ എത്തിക്കും.
നഗരസഭ അധികാരികൾ