train

കൊച്ചി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രതിദിന/സ്‌പെഷ്യൽ ട്രെയിനുകളിലും നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലും അധിക കോച്ചുകൾ അനുവദിക്കണമെന്ന് ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് എം.പി കത്തുനൽകി. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്. തത്കാൽ ടിക്കറ്റുകളും ലഭിക്കുന്നില്ല. വെക്കേഷന് നാട്ടിലെത്താൻ കാത്തിരുന്ന മലയാളി കുടുംബങ്ങളുടെയും ഡൽഹിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെയും യാത്ര അനിശ്ചിതത്വത്തിലാണെന്ന് എം.പി പറഞ്ഞു. നിറുത്തലാക്കിയ നിസാമുദ്ദീൻ- കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് പ്രതിവാര ട്രെയിൻ പുനരാരംഭിക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.