y
യു.ഡി.എഫ് കൗൺസിലർമാരുടെ കുത്തിയിരുപ്പ് സത്യാഗ്രഹം പാർലിമെൻ്ററി പാർട്ടി ലീഡർ കെ. വി. സാജു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് തുടർച്ചയായി പെയ്ത മഴയിൽ ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ കവാടത്തിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സത്യാഗ്രഹം പാർലിമെന്ററി​ പാർട്ടി ലീഡർ കെ. വി. സാജു ഉദ്ഘാടനം ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയതും തോടുകളും കാനകളും ശുചീകരിക്കാത്തതും വെള്ളക്കെട്ടിന് കാരണമായെന്ന് കൗൺസിലർമാർ ആരോപിച്ചു.

ശ്രീപൂർണ്ണത്രയീശ ക്ഷേത്രം റോഡ്, വടക്കേക്കോട്ട, പള്ളിപ്പറമ്പ് കാവ്, നഗരത്തിലെ തീരപ്രദേശങ്ങൾ എന്നിടങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കി​. വടക്കേക്കോട്ട ഭാഗത്ത് നടപ്പാത പുനർനിർമിച്ചപ്പോൾ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വെള്ളം ഒഴുകി പോകുന്ന വടക്കേക്കോട്ട - അമ്പിളി നഗർ തോട് ചെറുതാക്കിയത് നഗരസഭ എൻജി​നിയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയും വീഴ്ചയുമാണ്. ഇതുമൂലം ഈ പ്രദേശത്ത് മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.

കൂടുതൽ തൊഴിലാളികളെ ഉടനടി നിയമിച്ച് നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. കൗൺസിലർമാരായ പി.ബി. സതീശൻ, ഡി. അർജുനൻ, റോയി തിരുവാങ്കുളം, ശ്രീലത മധുസൂദനൻ, ജയകുമാർ, രോഹിണി കൃഷ്ണകുമാർ, എൽസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.