kzm
കിഴക്കമ്പലത്തെ വെള്ളക്കെട്ട്

കോലഞ്ചേരി: ഒറ്റമഴയിൽ മുങ്ങിയ റോഡുകൾ മേഖലയിലെ വിവിധ ടൗണുകളെ വെള്ളക്കെട്ടിലാക്കി. കാലവർഷത്തെ കനത്തമഴയിൽ എന്താകും സ്ഥിതിയെന്ന് കണ്ടറിയണം. സ്ഥിതിഗതി അതീവ രൂക്ഷമാകുമെന്നാണ് സൂചന. അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങൾ തന്നെയാണ് വില്ലൻ. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇല്ലാതിരുന്നതിനാൽ മിക്കയിടങ്ങളിലും കാനകളിൽ ചെളിയും മാലിന്യങ്ങളും നിരോധിത പ്ളാസ്റ്റിക് കാരിബാഗുകളും നിറഞ്ഞ് ഒഴുക്കുനിലച്ച മട്ടാണ്. ഈ വെള്ളം റോഡുവഴി ഒഴുകുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടാണ് പ്രധാനപ്രശ്നം. കാനയിലെ ചെളിവെള്ളമാണ് ഇന്നലെ പുത്തൻകുരിശിലും കിഴക്കമ്പലത്തും വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് ഇരച്ച് കയറിയത്. പലർക്കും പതിനായിരങ്ങളാണ് നഷ്ടമുണ്ടായത്.

* പുത്തൻകുരിശിൽ

കരിമുഗൾ റോഡിൽനിന്ന് ഒഴുകിയെത്തിയ വെള്ളമാണ് ടൗണിനെ മുക്കിയത്. വില്ലൻ കാനതന്നെയാണ്. ഈ റോഡിലുള്ള കാന ദേശീയപാതയിലുള്ള കാനയുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതേ കാനയുടെ ഇടയ്ക്ക് ചെറുതോടുകൾ ഉണ്ടായിരുന്നത് അനധികൃത കൈയേറ്റക്കാർ അടച്ചതും വിനയായി. കാന അടിയന്തരമായി ദേശീയപാതയിലെ കാനയിലേയ്ക്ക് ബന്ധിപ്പിക്കണം. പുത്തൻകുരിശ് കത്തോലിക്കപള്ളിയുടെ സമീപംവരെ കാനയുണ്ട്. ആ കാന ടൗണിലുള്ള കാനയുമായി ബന്ധിപ്പിക്കണം. ദേശീയപാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമാണിപ്പോൾ. ജനപ്രതിനിധികൾ മുൻ കൈയെടുക്കണമെന്നുമാത്രം.

* കോലഞ്ചേരിയിൽ

കാനയാണ് ഇവിടെയും പ്രശ്നം. ദേശീയപാതയിൽ ടൗണിലാണ് വെള്ളക്കെട്ട്. വ്യാപാരസ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റമൊഴിപ്പിച്ച് നിലവിൽ ടൗണിൽ കാനയുടെ നിർമ്മാണം പൂർത്തിയാക്കിയാൽ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാം. മഴക്കുള്ള മുന്നൊരുക്കങ്ങൾ നടത്താതെ റോഡിന് ഇരാവശവും പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കാനനിർമ്മാണം നടക്കുകയാണ്. ഇതോടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ദേശീയപാതയിൽ കെട്ടിക്കിടക്കുകയാണ്. ഈ മഴക്കാലത്ത് പ്രശ്നപരിഹാരം അകലെയാണ്. കാന നിർമ്മാണം ദ്രുതഗതിയിൽ തീർക്കലാണ് പോംവഴി.

* പട്ടിമറ്റത്ത്

കോടികൾ മുടക്കി നടത്തിയ കവല വികസനമാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. അശാസ്ത്രീയ കാനനിർമ്മാണം തന്നെയാണ് പ്രശ്നം. കാനകൾക്ക് മുകളിൽ എടുത്ത് മാറ്റാനാകാത്തവിധം സ്ളാബുകൾ പാകി അതിനുമുകളിൽ ടൈൽവിരിച്ച് നടപ്പാതയുണ്ടാക്കി. സ്ളാബ് മാറ്റി കാനവൃത്തിയാക്കാൻ ഒരുവഴിയുമില്ല. കൂടാതെ സ്റ്റേറ്റ് ബാങ്കിന് സമീപം അമ്പാടിനഗർ ഭാഗത്തുനിന്ന് വരുന്ന വെള്ളം മെയിൻറോഡുവഴിയാണ് ഒഴുകുന്നത്. ഇത് ടൗണിലെ കാനയിലേയ്ക്ക് ചാടിച്ചാൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശമനമാകും.

* കിഴക്കമ്പലത്ത്

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് റോഡിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ജംഗ്ഷനിലേക്കാണ് എത്തുന്നത്. ഇവിടെ നിർമ്മിച്ച കാനയിലൂടെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. മഴവെള്ളം സുഗമമായി പോകുന്നതിന് സൗകര്യം ഒരുക്കാതെ നിർമ്മാണ പ്രവൃത്തികൾ നടത്തിയതാണ് വെള്ളക്കെട്ടിനു കാരണം.
വ്യാപാരികളും പ്രദേശവാസികളും പരാതിപ്പെട്ടെങ്കിലും പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല.