ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി ഗുരുദേവൻ വിശ്രമിച്ചിരുന്ന ധ്യാനമന്ദിരം കെട്ടിടം പഴയ രൂപത്തിൽ പുനർനിർമ്മിക്കും. 1954ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിദ്ധീകരിച്ച ആൽബത്തിൽ ഗുരു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അതേ മാതൃകയിൽ അതേ സ്ഥലത്ത് തന്നെയാണ് ഓടുമേഞ്ഞ പുതിയ കെട്ടിടം വിഭാവന ചെയ്തിട്ടുള്ളത്.
സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ഗുരുവിന്റെ ധ്യാന മന്ദിരം പുനർനിർമ്മിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപാണ് കെട്ടിടം നിർമ്മിച്ച് സമർപ്പിക്കുന്നത്.
ജൂൺ ഒന്നിന് രാവിലെ 10.30ന് കുറ്റിയടിക്കൽ കർമ്മം നടക്കും. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ഡോ. എ.വി. അനൂപും പങ്കെടുക്കുമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു.