* പിറവി 1948 ഒക്ടോബർ 11
* അംഗങ്ങൾ 2510
* പുസ്തകങ്ങൾ 20,000
ആലുവ: 75വർഷംപിന്നിട്ട കുട്ടമശേരി യുവജന വായനശാലയെ ആലുവ താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു. മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് അംഗീകാരം.
തലമുറകളുടെ ചരിത്രമാണ് കുട്ടമശേരി വായനശാലക്ക് പറയാനുള്ളത്. 1948 ഒക്ടോബർ 11ന് നാട്ടിലെ ഒരു ചായക്കടയിലാണ് വായനശാല പിറവിയെടുക്കുന്നത്. വി.പി. പരമേശ്വരപിള്ള വട്ടപ്പിള്ളി പ്രസിഡന്റും കെ.ആർ. ശിവശങ്കരൻ നായർ ആദ്യ സെക്രട്ടറിയുമായി. തൊട്ടടുത്തവർഷം മുതൽ ഒന്നേകാൽരൂപ പ്രതിമാസ വാടകയ്ക്ക് ലഭിച്ച മുറിയിൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. 1950ൽ കുട്ടമശേരി മനക്കലിലെ രമേശ്വരൻ ദാമോദരൻ നമ്പൂതിരിപ്പാട് വായനശാലയ്ക്ക് ആവശ്യമായ സ്ഥലവും നിർമ്മാണത്തിനായി തടികളും പണവും നൽകി. പ്രധാനമന്ത്രിയുടെ ഇക്കണോമിക്കൽ അഡ്വൈസറായിരുന്ന പി.ജെ. തോമസാണ് ശിലയിട്ടത്.
പ്രമുഖരുടെ പാദസ്പർശം
1952 ഡിസംബർ 12ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, മക്കളായ രാജീവ്ഗാന്ധി, സഞ്ജയ്ഗാന്ധി, തിരുക്കൊച്ചി മുഖ്യമന്ത്രി എ.ജെ. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വായനശാല കെട്ടിടം ഉദ്ഘാടനം നടന്നത്.
ജവഹർലാൽ നെഹ്രുവിന് നൽകിയ സ്വീകരണം ചരിത്രത്തിന്റെ ഭാഗമാണ്. 1952 ഡിസംബർ 12ന് ഹൈറേഞ്ചിലേക്കുള്ള യാത്രമദ്ധ്യേ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന നെഹ്രു കുടുംബത്തെ സ്വീകരിക്കുവാനായി വായനശാല പ്രസിഡന്റ് ഡബ്ല്യു.ഒ. ജോർജും സഹപ്രവർത്തകരും കുട്ടികളുമായി റോഡിൽ കാത്തുനിന്നു. കുട്ടികളെ കണ്ട നെഹ്രു വാഹനം നിറുത്തിച്ച് പുറത്തിറങ്ങി വായനശാലയിൽ കയറുകയായിരുന്നു.
തരിശുഭൂമിയിൽ കൃഷിയും
കുട്ടമശേരിയിൽ തരിശായി കിടന്നിരുന്ന പാടശേഖരങ്ങളിൽ ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ വർഷങ്ങളായി കൃഷിയിറക്കുന്നുണ്ട്. പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി കവലയിലാണ് വായനശാല കെട്ടിടം. 2510 അംഗങ്ങളുള്ള എഗ്രേഡ് വായനശാലയിൽ 20,000ൽ അധികം പുസ്കകങ്ങളും 25ൽപ്പരം ആനുകാലികങ്ങളും ഇംഗ്ളീഷ്, മലയാളം പത്രങ്ങളുമുണ്ട്. വയോജനവേദി, വനിതാവേദി, യുവവേദി, ബാലവേദി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
വി.വി. മന്മഥൻ (പ്രസിഡന്റ്), ടി.ആർ. രജീഷ് (വൈസ് പ്രസിഡന്റ്), പി.ബി. ബാബുരാജ് (സെക്രട്ടറി), ടി.കെ. അബ്ദുൽസലാം (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്നതാണ് ഭരണസമിതി.