തൃപ്പൂണിത്തുറ: ബുധനാഴ്ച വൈകിട്ട് നിർത്താതെ പെയ്ത പെരുമഴയിൽ റെയിൽവേ, മെട്രോ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ നഗരസഭ, കെ.എം.ആർ.എൽ, റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്ന് നടത്തിയ സംയുക്ത യോഗത്തിൽ റെയിൽവേ സ്റ്റേഷന്കിഴക്കുള്ള തോട് അടിയന്തിരമായി ഫ്‌ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിനും റെയിൽവേ കൾവെർട്ടിലെ തടസങ്ങൾ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനും തീരുമാനിച്ചു.

ചെമ്പോത്തുരുത്ത്, പീടികപറമ്പ് ഭാഗത്ത് വെള്ളക്കെട്ടുണ്ടായാൽ 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും മെട്രോയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപമാറ്റം വന്ന തോടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനും കെ.എം.ആർ.എൽ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ രാജി അനിൽ, ആന്റണി ജോവർഗീസ്,യു.മദുസൂദനന് എന്നിവർ പങ്കെടുത്തു.