മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ജൂൺ 3ന് രാവിലെ 9ന് അശ്വമേധം ഗ്രാൻഡ്മാസ്റ്ററും മോട്ടിവേഷൻ ട്രെയിനറുമായ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യം. നവാഗതരെ എസ്.പി.സി, എൻ.സി.സി വിദ്യാർത്ഥികൾ മഹാന്മാരുടെ സൂക്തങ്ങൾ ആലേഖനംചെയ്ത ബഹുവർണ ചിത്രങ്ങളോടുകൂടിയ കാർഡുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിക്കും. സ്‌കൂളിന്റെ വളർച്ചയുടെ നാഴികക്കല്ലുകൾ അനുസ്മരിപ്പിക്കുന്ന പ്രത്യേക ഡോക്യമെന്ററി, വിവിധ ക്ലാസുകളുടെ ആഭിമുഖ്യത്തിലുള്ള വിവിധ പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ച് പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും ചേർന്ന് വിപുലമായ കമ്മിറ്റിരൂപീകരിച്ചു. ജി.എസ്. പ്രദീപുമായി വിദ്യാർത്ഥികൾക്ക് സംവദിക്കുവാനുള്ള പ്രത്യേകപരിപാടിയും ഒരുക്കിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ വി.കെ. നാരായണൻ, യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ എന്നിവർ അറിയിച്ചു.