stare1

കൊച്ചി: ഇവാൻ വുകോമനോവിച്ചിന് പകരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ളബിന്റെ മുഖ്യപരിശീലകനായി സ്വീഡൻ സ്വദേശി മിക്കേൽ സ്റ്റാറേയെത്തുന്നു. പ്രമുഖ ലീഗുകളിലായി 17വർഷത്തെ അനുഭവസമ്പത്തുള്ള 48കാരനായ സ്റ്റാറേയുമായി രണ്ടുവർഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിട്ടത്.

സ്വീഡിഷ് ക്ലബ് വാസ്ബി യുണൈറ്റഡിലൂടെ പരിശീലക രംഗത്തെത്തിയ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എ.ഐ.കെയുടെ മുഖ്യപരിശീലകനായി. 1990 മുതൽ 2005 വരെ ഗ്രോൻഡൽസ്, ഹാമർബി, എ.ഐ.കെ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും സ്റ്റാറേ പരിശീലിപ്പിച്ചിട്ടുണ്ട്. 2004ൽ എ.ഐ.കെ അണ്ടർ 19 ടീമിനെ ദേശീയ കിരീടത്തിലേക്ക് നയിക്കാനും സാധിച്ചു.സ്വീഡിഷ് ലീഗായ ഓൾസ്‌വെൻസ്‌കാൻ, കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടി . സ്വീഡൻ, ചൈന, നോർവേ, അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ എ.ഐ.കെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ 400 മത്സരങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. തായ് ലീഗിലെ ഉതൈതാനിയെയാണ് ഒ‌ടുവിൽ പരിശീലിപ്പിച്ചത്.

ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യത്തെ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ മികച്ച പ്രകടനവും വരും സീസണുകളിൽ കിരീട നേട്ടവുമാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. സീസണിന്ന്റെ മുമ്പായി സ്റ്റാറേ ടീമിനൊപ്പം ചേരാൻ കൊച്ചിയിലെത്തുമെന്ന് ക്ളബ് അധികൃതർ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഏഷ്യയിൽ കോച്ചായി തുടരാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ബ്ളാസ്റ്റേഴ്സിനൊപ്പം ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും

- മൈക്കൽ സ്റ്റാറേ

പരിശീലകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയാണ് സ്റ്റാറേ. അപാരമായ അനുഭവസമ്പത്തും ശക്തമായ നേതൃത്വവും അദ്ദേഹത്തിനുണ്ട്

-കരോലിസ് സ്‌കിൻകിസ്, കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ