vallakattu-paravur-
മുറവൻതുരുത്ത് കല്ലറക്കൽ സരളയുടെ വീടിനുചുറ്റും വെള്ളംകെട്ടിക്കിടക്കുന്നു

പറവൂർ: ദേശീയപാത നിർമ്മാണപ്രദേശങ്ങളിൽ ഒറ്റമഴയിൽ വെള്ളപ്പൊക്കം. തോടുകൾ അടച്ചതും വെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ച പൈപ്പുകൾ അടഞ്ഞതുമാണ് വെള്ളക്കെട്ടിന് കാരണം. മൂത്തകുന്നം മുതൽ ചെറിയപ്പിള്ളിവരെ നൂറിലധികം വീടുകളാണ് ദുരിതം അനുഭവിക്കുന്നത്. ചിലയിടങ്ങളിൽ രണ്ട് അടിയോളം വെള്ളംപൊങ്ങി. പ്രളയസമാനമായ സ്ഥിതിയാണ് ഇവിടെയുള്ളത്. വെള്ളമൊഴുകിപ്പോകുന്നതിനായി മഴക്കാലത്തിന് മുമ്പേ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, ദേശീയപാത അതോറിട്ടി മാനേജർ ജോൺ ജീവൻ, രാംമോഹനൻ ശർമ്മ എന്നിവരും ജനപ്രതിനിധികളും ചേർന്ന് സംയുക്തമായി പരിശോധന നടത്തി. താത്കാലിക പരിഹാര മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി തീവ്രമഴപ്പെയ്ത്.

മുറവൻതുരുത്തിൽ കല്ലറയ്ക്കൽ സരളയും മകളും രണ്ട് കുട്ടികളുമടങ്ങുന്നവർ താമസിക്കുന്ന ചെറിയവീടിന്റെ വരാന്തവരെ വെള്ളംകയറിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. സമീപത്തെ ഒട്ടുമിക്ക വീടുകളും വെള്ളക്കെട്ടുണ്ട്. തുരുത്തിപ്പുറം - മടപ്ലാതുരുത്ത് റോഡും പരിസരവും വെള്ളം ഉയർന്ന് ഗതാഗതം തടസപ്പെട്ടു. ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂർ, പട്ടണം, ആളംതുരുത്ത് തുടങ്ങിയ നിരവധി പ്രദേശങ്ങളി വെള്ളംകയറി. പ്രതിസന്ധി പരിഹരിക്കാനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് രംഗത്തിറങ്ങി. ദേശീയപാത നിർമ്മാണത്തിന് താത്കാലികമായി അടച്ചുവച്ചിരുന്ന കാനകളുടേയും വെള്ളംഒഴുകിപ്പോകാൻ സ്ഥാപിച്ചിരുന്ന പൈപ്പുകളുടേയും മറ്റും തടസങ്ങൾ നീക്കി. ചെളിനീക്കംചെയ്തശേഷം നീരൊഴുക്ക് സുഗമമാക്കിയതോടെ വെള്ളക്കെട്ടിന് താത്കാലിക ശമനമായി. മുനമ്പം കവലയിൽ ദേശീയപാത റോഡിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ദേശീയപാത അധികൃതർ പരിഹാര ശ്രമങ്ങൾ ആരംഭിച്ചെങ്കിലും താമസം നേരിട്ടതിനാൽ പഞ്ചായത്തുകളോട് പ്രശ്നപരിഹാരം കാണാനും ചെലവാകുന്ന തുക പഞ്ചായത്തുകൾക്ക് നൽകാമെന്നും ദേശീയപാത അധികൃതർ അറിയിച്ചിട്ടുണ്ട്.