1
ജോജോയുടെ ഒറ്റയാൾ സമരം

പള്ളുരുത്തി: പെരുമ്പടപ്പിൽ കണ്ടൽക്കാടുകൾ വെട്ടിമാറ്റി മൂന്ന് ഏക്കറോളം വരുന്ന തണ്ണീർത്തടം അനധികൃതമായി നികത്തുന്നതിൽ പ്രതിഷേധിച്ച് പള്ളുരുത്തി വില്ലേജ് ഓഫീസിന് മുമ്പിൽ കറുത്ത വസ്ത്രമണിഞ്ഞ് പൊതുപ്രവർത്തകനായ ജോജോ ചിറയിലിൻ്റെ ഒറ്റയാൾ പ്രതിഷേധം.

പെരുമ്പടപ്പ് കർട്ടസ് റോഡിന് സമീപമുള്ള വെള്ളം നിറഞ്ഞ തണ്ണീർത്തടമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നികത്തുന്നത്. ഇത് നാട്ടുകാർ റവന്യൂ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും തടയുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജോജോ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചത്. മൂന്ന് ഏക്കറോളം വരുന്ന തണ്ണീർതടത്തിന്റെ പകുതിയിലേറെ നിലവിൽ നികത്തിയിട്ടുണ്ട്. 73 സെന്റ് മാത്രമാണ് ആധാരത്തിൽ പുരയിടമായിട്ടുള്ളത്. ഇതും കാലങ്ങളായി വെള്ളം നിറഞ്ഞതാണ്. പുരയിടമായി കിടക്കുന്ന ഈ ഭൂമിയുടെ മറവിലാണ് മുഴുവൻ ഭൂമിയും നികത്തുന്നതെന്ന് ജോജോ പറയുന്നു. തി​രഞ്ഞെടുപ്പിന്റെ മറവിൽ പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിൽ തണ്ണീർത്തടം നികത്തുന്നത് വ്യാപകമായിരുന്നു.

വെള്ളക്കെട്ട് ദുരിതം നേരിടുന്ന പ്രദേശമായതിനാൽ തണ്ണീർത്തടം നികത്തിയെടുക്കുന്നത് പ്രദേശമാകെ വെളളക്കെട്ടിലാക്കും. ജെ.സി.ബി ഉപയോഗിച്ച് പൂഴിമണലും കെട്ടിടാവശിഷ്ടങ്ങളുമാണ് തണ്ണീർത്തടത്തിൽ നിക്ഷേപിക്കുന്നത്.

ജോജോ

പള്ളുരുത്തി വില്ലേജ് ഓഫീസിന്റെ പരിധിയിൽ പെടുന്ന സ്ഥലമാണിത്. അനധികൃത നികത്തലിനെതിരെ നാട്ടുകാർക്ക് പരാതി നൽകിയിരുന്നു. ഇതി​ന്റെ അടിസ്ഥാനത്തിൽ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞ സ്ഥലമായതിനാൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഫോർട്ട്കൊച്ചി ആർ.ഡി.ഒ യ്ക്ക് റിപ്പോർട്ട് കൈമാറി.

പള്ളുരുത്തി വില്ലേജ് ഓഫീസർ