തോപ്പുംപടി: കനത്ത മഴയിൽ കൊച്ചിയുടെ തീരദേശ നഗരത്തെ ജനജീവിതം ദുരിതപൂർണമായി. വീട്ടിലും കടകളിലും ഗോഡൗണിലും റോഡിലുമായുള്ള വെള്ളക്കെട്ടും യാത്രാ തടസവും മാലിന്യ നീക്ക സ്തംഭനവും കടൽ കയറ്റവും പനിയും ജനങ്ങളെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കി. മട്ടാഞ്ചേരി ബസാറിലെ കടകളിൽ വെളളം കയറിയതോടെ 80 ഓളം ചാക്ക് അരിയും പല വ്യഞ്ജനങ്ങളും നശിച്ചു . താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറിയതോടെ ഒട്ടേറെ നാശനഷ്ടങ്ങളുമുണ്ടായി. പ്രാഥമിക കണക്കെടുപ്പിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കടൽകയറ്റം രൂക്ഷമായതോടെ തീരദേശങ്ങളിലും ആശങ്ക പടർന്നു. ബീച്ച് റോഡിലെയും ഫോർട്ടുകൊച്ചിയിലെയും കടപ്പുറങ്ങളിൽ കടലിലിറങ്ങു ന്നതിന് ശക്തമായ നിയന്ത്രണ മെർപ്പെടുത്തി.കനത്ത മഴയെ തുടർന്ന് ഫോർട്ടുകൊച്ചി ദ്രോണാചാര്യ റോഡ് കുന്നും പുറം ,ഇരവേലി,ബസാർ റോഡ് ,ചേംബർ റോഡ്,ചക്കാമാടം, കൊച്ചിൻ കോളേ ജ് റോഡ് ,കുവപ്പാടം , വെളി ,കേമ്പേരി റോഡ് ,സ്റ്റാച്ചുറോഡ് ,മുണ്ടംവേലി, ബീച്ച് റോഡ് ,സെൻ്റ് ജോൺ പാട്ടം ,രാമേശ്വരം കോളനി ,ജനതാ റോഡ് ,ചുള്ളിക്കൽ,ചെമ്മീൻസ് റോഡ് ,എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. തോപ്പുംപടിയിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുണ്ടായി. മഴ കനത്തതോടെ കുടിവെള്ളത്തിൽ മലിനജലം കലരുന്നതായി പരാതി ഉയർന്നു.മാലിന്യ നീക്കത്തിനും തടസമുണ്ടായി. വഴിയോരങ്ങളിലെ മാലിന്യം വെള്ളക്കെട്ടിലൂടെ വീടുകളിലും വഴിയിലും ഒഴുകിയെത്തിയത് കാൽനടക്കാരെയും വലച്ചു.