fine

കൊച്ചി: വായിക്കാൻ കഴിയാത്ത ലേബലുമായി ബേബി​ ലോഷൻ വി​പണി​യി​ലി​റക്കി​യതി​ന് ജോൺസൺ ആൻഡ് ജോൺസൺ​ കമ്പനിക്ക്​ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മി​ഷൻ 60,000 രൂപ പി​ഴ വി​ധി​ച്ചു. 25,000 രൂപ നിയമസഹായ ഫണ്ടിൽ അടയ്ക്കണം. 35,000 രൂപ ഉപഭോക്താവി​ന് നൽകണം.

പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കും ശി​ക്ഷ വിധിച്ചു.

ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതി​യി​ലാണ് ഉത്തരവ്. ബേബി ലോഷൻ ബോട്ടിലിൽ ഉപയോഗരീതി, ചേരുവകൾ എന്നിവ ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂവെന്ന് പരാതിയിൽ പറയുന്നു.

ലേബലിലെ അക്ഷരങ്ങൾക്ക് ചട്ടപ്രകാരമുള്ള വലി​പ്പം ഉണ്ടെന്ന് ജോൺസൻ ആൻഡ് ജോൺസൺ വാദി​ച്ചു. ഇത് ശരി​യാണെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം സാക്ഷ്യപ്പെടുത്തി. പരാതിക്കാരന്റെ ആവശ്യപ്രകാരം വി​ദഗ്ദ്ധനെ നി​യോഗി​ച്ച് പരി​ശോധി​ച്ചപ്പോൾ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമായി​. തെറ്റായ റി​പ്പോർട്ട് സമർപ്പി​ച്ച കെ.എം. മുഹമ്മദ് ഇസ്മായിൽ, എം.എസ്. സാജു എന്നിവർക്ക് ലീഗൽ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകാനും കമ്മി​ഷൻ നിർദ്ദേിച്ചു.