p-rajeev
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന്റെ തെയ്യാറെടുപ്പുകൾ വിലയിരുത്താൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എത്തുന്നു.

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരിയിൽ സജ്ജമാക്കിയിട്ടുള്ള സിയാൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ക്യാമ്പിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി പി. രാജീവ് ഇന്നലെ വിമാനത്താവളത്തിലെ ക്യാമ്പിലെത്തി.

സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി ഹജ്ജ് ക്യാമ്പ് കാന്റീനിലെ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മന്ത്രിയെ ഹജ്ജ് കമ്മിറ്റിയംഗം എ. സഫർ കയാൽ, എയർപോർട്ട് ഡയറക്ടർ ജി. മനു,നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആദ്യ വിമാനം 26ന്

നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെ തീർത്ഥാടകരുമായുള്ള ആദ്യ വിമാനം 26 ന് ഉച്ചയ്ക്ക് 12.10ന് പുറപ്പെടും. സൗദി എയർലൈൻസിന്റെ വിമാനത്തിൽ 279 തീർത്ഥാടകരുണ്ടാകും. അന്നേ ദിവസം 3.40 ന് വിമാനം ജിദ്ദയിലെത്തും.

ആദ്യ വിമാനത്തിൽ പുറപ്പെടേണ്ട ഹാജിമാരും ഹജ്ജമ്മമാരും (സ്ത്രീകൾ) ശനിയാഴ്ച്ച രാവിലെ ഒമ്പതിന് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഹജ്ജ് കമ്മിറ്റി സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് മുഹസിൻ എം.എൽ.എ, ജനറൽ കൺവീനർ എ. സഫർ കയാൽ എന്നിവർ അറിയിച്ചു.
എയർപോർട്ടിലാണ് ആദ്യമെത്തേണ്ടത്. അവിടെ ഹജ്ജ് കൗണ്ടറിൽ ലഗേജ് ഏൽപ്പിച്ച് തിരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തേണ്ടതാണ്. എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ പത്താം നമ്പർ പില്ലറിലാണ് ലഗേജുകൾ സ്വീകരിക്കുക. വിമാനത്താവളത്തിലെ ഹജ്ജ് സെല്ലിൽ റിപ്പോർട്ട് ചെയ്ത് ലഗേജുകൾ കൈമാറുന്ന ഹാജിമാരെ അവിടെ നിന്നും ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുള്ള ബസിൽ ക്യാമ്പിലെത്തിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് ഇക്കുറി ഹജ്ജ് കർമ്മത്തിനായി സംസ്ഥാനത്തെ വിവിധ എമ്പാർക്കേഷൻ വഴി യാത്ര തിരിക്കുന്നത്. കൊച്ചിയിൽ നിന്നും 4273 പേരാണ് യാത്ര തിരിക്കുന്നത്.