ആലുവ: അവയവക്കച്ചവട കേസിൽ പിടിയിലായ പ്രതി സാബിത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരകളെ കണ്ടെത്തൽ പൊലീസ് വെല്ലുവിളി. ഇരകളായ 20 പേരിൽ 19ഉം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.
പണം നൽകി അവയവം വാങ്ങുന്നത് പോലെ തന്നെ കൊടുക്കുന്നതും ഇന്ത്യൻ നിയമപ്രകാരം കുറ്റമായതിനാൽ ഇരകളാരും പൊലീസുമായി സഹകരിക്കാൻ സാദ്ധ്യതയില്ല. വൻ തുക ആവശ്യക്കാരിൽ നിന്ന് സാബിത്തും സംഘവും ഈടാക്കുമെങ്കിലും പത്ത് ശതമാനം പോലും ഇരകൾക്ക് ലഭിക്കുന്നില്ല. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞാലും ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നം മൂലമാണ് ഇരകൾ പൊലീസിനോട് സഹകരിക്കാൻ വിമുഖത കാട്ടുന്നത്.
നിയമവിരുദ്ധമായി ഇറാനിൽ വച്ച് അവയവം സ്വീകരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. വിസിറ്റിംഗ് വിസയിൽ ഇറാനിലെത്തിയ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തേണ്ടി വരും. ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാൻ സാദ്ധ്യത ഏറെയാണ്. അവയവങ്ങൾ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ഏക രാജ്യമാണ് ഇറാൻ.