#എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായം തേടും

ആലുവ: ഇറാൻ അവയവക്കച്ചവട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി തൃശൂർ എടമുള്ളം സ്വദേശി സാബിത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തൃശൂരും പാലക്കാടും അന്വേഷണം തുടങ്ങി. ബുധനാഴ്ച്ച ജില്ലാ പൊലീസ് മേധാവി ഡോ. ഭൈവവ് സക്സേനയുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

നാല് ബാങ്ക് അക്കൗണ്ടുകളും പാസ്പോർട്ടും പ്രതിക്കുണ്ടെന്ന് ബോദ്ധ്യമായെങ്കിലും എത്രവട്ടം വിദേശത്തേക്ക് പോയി എന്നതിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ഇയാളുടെ വിദേശ സഞ്ചാരത്തിന്റെ വിവരങ്ങൾ ശേഖരിക്കും. പ്രതിയുടെ കോൾ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ മൊബൈൽ കമ്പനിക്കും നോട്ടീസ് നൽകി.
പാലക്കാട് സ്വദേശി ഷെമീറിനെ മാത്രമാണ് ഇറാനിലെത്തിച്ചതെന്ന് സാബിത്ത് പൊലീസിനോട് ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ 20 പേർ എന്നാക്കി. എന്നാൽ മറ്റുള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

തൃശൂർ ജില്ലയിലെ ഒരു പഞ്ചായത്തിൽ ഏഴ് പേർ അവയവം കൈമാറിയ വിവരം പുറത്തുവന്നെങ്കിലും അതിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ്.

സാബിത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച കേസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചു. ആവശ്യമെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അവയവക്കച്ചവട കേസിലെ ഇരയായ പാലക്കാട് സ്വദേശി ഷെമീറിനെ എത്രയും വേഗം കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഷെമീറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. അന്വേഷണ സംഘം വൈകിട്ട് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.