കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കോമേഴ്സിന്റെ വാർഷിക പൊതുയോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദർ മുഖ്യാതിഥിയായി പങ്കെടുത്തു. സംഘടനയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വ്യാപാരത്തിൽ 50 വർഷം പൂർത്തിയാക്കിയ വ്യാപാരികളെയും സ്ഥാപനത്തിലെ ജീവനക്കാരെയും സംഘടനയുടെ മുൻകാല ഭാരവാഹികളെയും കമ്മീഷണർ ആദരിച്ചു. ഗോൾഡൻ ജൂബിലി സുവനീർ ടിസ്കോൺ കേരള സെയിൽസ് മാനേജർ അവനീഷ് അറോറ പൊലീസ് കമ്മിഷണർക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ. എം. മുഹമ്മദ് സഗീർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ, സ്ഥാപക നേതാവ് എൽ.എ. ജോഷി, മുൻപ്രസിഡൻറ് കെ. എം. ജോൺ, ട്രഷറർ സി. ചാണ്ടി എന്നിവർ സംസാരിച്ചു.