കൊച്ചി: അനാഥരായ ഭിന്നശേഷിക്കാർക്കായി കോതമംഗലം പീസ് വാലിയിൽ നിർമ്മിച്ച ചിൽഡ്രൻസ് വില്ലേജ് നാളെ ഉദ്ഘാടനം ചെയ്യും. റെസിഡൻഷ്യൽ ലൈഫ് സ്‌കൂൾ, ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള അമ്മത്തൊട്ടിൽ എന്നിവയാണ് 30,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്.
ചിൽഡ്രൺസ് വില്ലേജിന്റെ ഉദ്ഘാടനം രാവിലെ 9.30ന് പ്രാർത്ഥന ഫൌണ്ടേഷൻ ചെയർമാൻ സി.കെ പദ്മകുമാർ നടത്തും. സിനിമാതാരം ഫഹദ് ഫാസിൽ മുഖ്യാതിഥിയാകും. ഡോ. മുരളി തുമ്മാരുകുടി, സെറിബ്രൽ പാൽസിയുടെ പരിമിതികളെ മറികടന്ന് സിവിൽ സർവീസ് ഉന്നതവിജയം കരസ്ഥമാക്കിയ എ.കെ. ശാരിക, ഡിസബിലിറ്റി ആക്ടിവി ധന്യ രവി എന്നിവർ പങ്കെടുക്കും. വടക്കൻ പറവൂർ ആസ്ഥാനമായ പ്രാർത്ഥന ഫൗണ്ടേഷനാണ് കെട്ടിടം നിർമ്മിച്ചത്. 7നും 14നുമിടയിൽ പ്രായമുള്ള 150 പേർക്കാണ് റെസിഡൻഷ്യൽ ലൈഫ് സ്‌കൂൾ. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ശുചിമുറി ഉപയോഗിക്കാനും തൊഴിൽ ചെയ്യാനും പരിശീലനം നൽകുമെന്ന് പീസ് വാലി പ്രോജക്ട് കോ ഓർഡിനേറ്റർ സാബിത്ത് ഉമർ, പ്രാർത്ഥന ഫൗണ്ടേഷൻ പ്രോജക്ട് കൺസൾട്ടന്റ് ജീജ കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.