umb3

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ വാങ്ങിയും വിതരണം ചെയ്തും കൊച്ചി ഇൻഫോപാർക്കിലെ ടെക്കികൾ ഇക്കുറിയും ആശ്വാസത്തണൽ വിരിക്കും.

ഐ.ടി ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ പ്രോഗ്രസീവ് ടെക്കീസാണ് ആദിവാസി അമ്മമാർ നിർമ്മിക്കുന്ന കുടകൾ വിതരണം ചെയ്യുന്നത്. അട്ടപ്പാടിയിലെ അമ്മമാരുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായ കുടകൾ മഴക്കാലത്തു ചൂടുന്നതോടൊപ്പം അവരുടെ പരിശ്രമത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്താണ് പ്രോഗ്രസീവ് ടെക്കീസ് ഇക്കുറിയും രംഗത്തിറങ്ങിയത്. 'കുട വാങ്ങാം കൂടെ നിൽക്കാം, അട്ടപ്പാടിയിലെ അമ്മമാരുടെ അതിജീവിനത്തിൽ പങ്കാളികളാകാം' എന്ന മുദ്രാവാക്യവുമായാണ് പ്രചാരണം. കുട വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും അമ്മമാർക്ക് നൽകും. ഗൂഗിൾ ഫോം വഴി ഓർഡറെടുത്താണ് കുട ലഭ്യമാക്കുന്നത്.

ഏഴുവർഷമായി കാർത്തുമ്പി കുടകളുടെ പ്രചാരണം തുടരുന്നതായി പ്രോഗ്രസീവ് ടെക്കീസ് കൺവീനർ അനീഷ് പന്തലാനി പറഞ്ഞു. നാലായിരം മുതൽ ആറായിരം കുടകൾ വരെ വിതരണം ചെയ്യാറുണ്ട്. കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. മൂന്നുവർഷം മുമ്പ് സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും നടത്തിയ പ്രചാരണം കണ്ടറിഞ്ഞ് മുംബെയിലെ ഒരു സ്ഥാപനം 15,000 കുടകളാണ് അട്ടപ്പാടിയിൽ നിന്ന് വാങ്ങിയത്.

കുടവില 350 രൂപ

മൂന്നായി മടക്കാം

നിറങ്ങൾ 12

ലഭിക്കുന്ന സ്ഥലങ്ങൾ

ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല, സ്‌മാർട്ട്സിറ്റി