malinyam

നെടുമ്പാശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വഴിയോര പുറമ്പോക്കിൽ നിന്നടക്കം ഒഴിപ്പിച്ച് പുറയാർ വിരുത്തി രണ്ട് സെന്റ് കോളനിയിൽ പുനരധിവസിപ്പിച്ച കുടുംബങ്ങൾ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണിയിൽ. രണ്ട് ദിവസമായുള്ള തോരാമഴയാണ് പല വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാവാൻ കാരണം. വീടുകൾക്ക് സമീപം ചതുപ്പ് നിലത്തിൽ അലക്ഷ്യമായി തള്ളിയ മാലിന്യങ്ങൾ മഴ ശക്തി പ്രാപിച്ചതോടെ ജലവിതാനം ഉയർന്ന് കോളനിയുടെ വശങ്ങളിൽ കെട്ടി നിൽക്കുകയാണ്. തുടർ ദിവസങ്ങളിലും മഴ കൂടുതൽ ശക്തമായാൽ കോളനി പൂർണമായും വെള്ളത്തിലാവും. മാലിന്യം കെട്ടി കിടക്കുന്നത് കോളനി നിവാസികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. മഞ്ഞപ്പിത്തം, ഡങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗ ഭീഷണി ഉയർത്തുന്ന പ്രദേശത്ത് ജനജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ആരോഗ്യ, ശുചിത്വ മിഷൻ അധികൃതരുടെ അടക്കം ഇടപെടൽ ശക്തമാക്കണമെന്നും വാർഡംഗം ടി.വി. സുധീഷ് ആവശ്യപ്പെട്ടു.