കോലഞ്ചേരി: മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിന് മുന്നിൽ വഴി വാഹന യാത്രക്കാരെ ചെളി വെള്ളത്തിൽ കുളിപ്പിക്കുന്ന വെള്ളക്കെട്ട്. കഴിഞ്ഞ ജൂണിൽ വെള്ളക്കെട്ടു മൂലം വഴി നടക്കാൻ കഴിയാത്ത അവസ്ഥയിൽ നാട്ടുകാരും വിദ്യാർത്ഥികളും നൽകിയ പരാതിയിൽ നടപടിയെടുക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാഴ് വാക്കായി. ഇവിടെ റോഡിൽ പാകിയിരിക്കുന്ന ഇന്റർ ലോക്ക് ടൈൽ താഴ്ന്നതാണ് പ്രശ്നം. പരാതി പരിഹരിക്കാതെ വന്നതോടെ പൊതുമരാമത്ത് വിഭാഗത്തിന് സെപ്തംബറിൽ വീണ്ടും പരാതി നൽകിയപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി റോഡിന് സമീപം മണ്ണ് മാറ്റിയതല്ലാതെ ഒന്നും ചെയ്തില്ല. സമീപത്തെ സ്കൂളിലേയ്ക്കുള്ള മുഴുവൻ കുട്ടികളും വെള്ളക്കെട്ട് കടന്നു വേണം സ്കൂളിലെത്താൻ. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ വീടുകളിലെ കിണറിലേയ്ക്കും ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാകുന്നുണ്ട്. സ്കൂൾ തുറക്കാനിരിക്കെ മഴ ശക്തമായ സാഹചര്യത്തിൽ അടിയന്തിരമായി വെള്ളക്കെട്ടൊഴിവാക്കാൻ നടപടി വേണമൊന്നാണ് നാട്ടുകാരുടെ ആവശ്യം.