കൊച്ചി: രണ്ടുദിവസം പെയ്ത പെരുമഴ സൃഷ്ടിച്ച ദുരിതത്തിൽ നിന്ന് പാഠം പഠിച്ച നഗരസഭ, വെള്ളക്കെട്ട് നിവാരണനടപടികളുമായി വീണ്ടും. ആധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചുൾപ്പെടെ വെള്ളക്കെട്ട് നിവാരണനടപടികൾ സ്വീകരിക്കും. മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചും പ്രവർത്തനങ്ങൾ നടത്തും.
കാലവർഷത്തിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങാതിരിക്കാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളെന്നാണ് നഗരസഭയുടെ അവകാശവാദം.
ജൂണിലെത്തുന്ന സ്മാർട്ട് മെഷീനുകൾ വെള്ളക്കെട്ടിനെ നിയന്ത്രിക്കും. സക്ഷൻ കം ജെറ്റിംഗ് മെഷീന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം നഗരത്തിൽ ആരംഭിച്ചു. എം.ജി റോഡിന്റെ കാനകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിൽ മെഷീൻ സഹായകരമാകും. ജൂൺ അവസാനവാരത്തിൽ മറ്റ് യന്ത്രസംവിധാനങ്ങൾ കൂടി ലഭിക്കുന്നതോടെ വെള്ളക്കെട്ട് നിവാരണത്തിൽ കൂടുതൽ മുന്നിലേക്കെത്താൻ കോർപ്പറേഷന് കഴിയും. ഏകോപിതമായ പ്രവർത്തനങ്ങളും തുടരുന്നുണ്ട്.
നഗരത്തിൽ ശക്തമായ എം.ജി റോഡ്, പനമ്പിള്ളി നഗർ, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കാരിക്കാമുറി, ടി.ഡി റോഡിന്റെ ഭാഗങ്ങൾ, നഗരത്തിലെ മറ്റ് താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.
എം.ജി റോഡിലെ ഓട പുനർനിർമ്മിക്കും
അശാസ്ത്രിയമായ ഓടനിർമ്മാണമാണ് എം.ജി റോഡിലെ വെള്ളക്കെട്ടിന് കാരണമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. വെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാൻ കഴിയുന്ന നിലയിലല്ല നിർമ്മിച്ചിട്ടുള്ളത്. അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നതെന്ന് കെ.എം.ആർ.എല്ലിനെയും പി.ഡബ്ല്യു.ഡിയെയും കോടതിയെയും ബോദ്ധ്യപ്പെടുത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിൽ കാനകൾ പുനർനിർമ്മിക്കാൻ ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ ഡി.എച്ച് റോഡ് വഴി കായലിലേക്ക് ഒരു ഓട ചെരിച്ച് പണിയാൻ ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഇറിഗേഷൻ വകുപ്പാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഹൈക്കോടതിയുടെ മുൻഭാഗത്തുനിന്നും മറ്റൊരു ഓടയും കായലിലേക്ക് പണിയാനും തീരുമാനിച്ചിട്ടുണ്ട്.
എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ട് കാന പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും മന്ത്രിയുടെ നിർദ്ദേശപ്രകാരം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി നൽകിയിട്ടുണ്ട്. കാന അടിയന്തരമായി പുനർനിർമ്മിക്കണം. പൊതുമരാമത്ത് വകുപ്പോ കെ.എം.ആർ.എല്ലോ നിർമ്മാണം ഏറ്റെടുക്കണമെന്ന് മേയർ പറഞ്ഞു.
ജൂണിൽ പുതിയ മെഷീൻ
പനമ്പിള്ളി നഗറിലെ താഴ്ന്ന പ്രദേശങ്ങൾ വർഷങ്ങളായി വലിയ മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. പേരണ്ടൂർ കനാലിന്റെ ഒഴുക്കാണ് പ്രധാനപ്പെട്ട കാരണം. ഈ ഭാഗങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമായാണ് വീഡ് ഹാർവെസ്റ്റർ, സിൽട്ട് പുഷർ എന്നീ അത്യാധുനിക മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചത്. ജൂൺ അവസാനം മെഷീനുകൾ നഗരസഭയ്ക്ക് ലഭിക്കും. മെഷീനുകൾ വരുന്നതോടെ പേരണ്ടൂർ കനാലിന്റെ പ്രവൃത്തിയിൽ പുരോഗതിയുണ്ടാകും.
പുതിയ മെഷീനുകൾ എത്തുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. എം.ജി റോഡിലെ വെള്ളക്കെട്ടിന് ഓട പുനർനിർമ്മിച്ചാൽ മാത്രമേ പരിഹാരം ഉണ്ടാകു
എം. അനിൽകുമാർ
മേയർ