അങ്കമാലി: അങ്കമാലി നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ചെയർമാൻ ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും കൗൺസിലിൽ ചർച്ച ചെയ്യാത്ത അജൻഡകൾ പാസാക്കിയെന്നും ആരോപിച്ച് പ്രതിപക്ഷം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനെതിരെ യോഗങ്ങൾ ചേർന്ന് വാർത്ത നൽകിയതല്ലാതെ വേണ്ടത്ര പ്രവർത്തികൾ നടക്കുന്നില്ല. ശുചീകരണം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത വനിത കൗൺസിലർമാരെ ആക്ഷേപിക്കുന്ന സമീപനമാണ് ചെയർമാൻ സ്വീകരിച്ചത്. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ വെള്ളക്കെട്ട് പ്രശ്നം ചർച്ച ചെയ്തെങ്കിലും തൃപ്തികരമായ മറുപടി നൽകാതെ അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർമാൻ ഇറങ്ങി പോയെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. അങ്കമാലി പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വായിക്കാത്ത അജൻഡകൾ മിനുട്സിൽ ചേർക്കില്ലെന്നും മഴക്കാല ശുചീകരണത്തിന് തനത് ഫണ്ടിൽ നിന്നും ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം ഓരോ വാർഡിനും അടിയന്തിരമായി അനുവദിക്കുമെന്നുമുള്ള ഉറപ്പിന്മേൽ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധ സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ്, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലക്സി ജോയി എൽ.ഡി.എഫ് പാർലമെന്ററഇ പാർട്ടി സെക്രട്ടറി പി.എൻ. ജോഷി കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, വിൽസൻ മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, മോളി മാത്യു, സരിത അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.