kklm

കൂത്താട്ടുകുളം: കോഴിക്കാഷ്ഠ വളം നിരോധിച്ചപ്പോൾ സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിൽ വ്യാജ ജൈവ വളം എത്തിക്കുന്ന ഏജൻസികൾ രംഗത്ത്. ചാക്കിൽ നിറച്ചിരിക്കുന്ന ഖരമാലിന്യത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നതിന് യാതൊരു രേഖകളുമില്ല. കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ കൂത്താട്ടുകുളം സൗത്ത് റസിഡൻ്റ്സ് പ്രദേശത്ത് പതിവായി ജൈവവളമെന്ന പേരിൽ എത്തിക്കുന്ന മാലിന്യം മഴയിൽ ദുർഗന്ധം വമിപ്പിക്കുന്നതിനെതിരെ ജനരോഷമുയ‍ർന്നു.

വെള്ളിയാഴ്ച രാവിലെ എട്ടിന് മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകൾ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ നഗരസഭ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ദുർഗന്ധം വമിക്കുന്ന ചാക്കുകൾ മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു.

രേഖകളില്ലാ കച്ചവടം

സർക്കാർ ഫാമിലെ വളമാണെന്നതിന് ചാക്കിൽ ലേബലോ ഏജൻസിക്കാരുടെ കൈവശം ആധികാരികമായ രേഖകളോ ഇല്ല. മാലിന്യം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ഏജൻസിക്കാരുടെ വാദം. ലൈസൻസ്, ജൈവ വളമെത്തിക്കാനുള്ള അധികൃതരുടെ അനുമതിപത്രം, ചാക്കിൽ ആട്ടിൻ കാഷ്ഠമാണെന്നതിനുള്ള രേഖ, തൂക്കം, വില തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്താതെ ലക്ഷങ്ങളുടെ കച്ചവടമാണ് നടത്തുന്നത്. മഴക്കാലമായതോടെ കിഴക്കൻ മേഖലയിലെ കർഷകരെ വിലകുറഞ്ഞ വളം, സർക്കാർ ഫാമിലെ വളം എന്നൊക്കെ വിശ്വസിപ്പിച്ചാണ് ഏജൻസികൾ അനധികൃത കച്ചവടം നടത്തുന്നത്. അതേസമയം,​ പുനലൂരിലെ ഫാമിൽ നിന്ന് നൽകുന്ന സാധനങ്ങൾക്ക് കൃത്യമായ ബില്ലും രേഖകളും നൽകാറുണ്ടെന്ന് അധികൃതർ പറഞ്ഞു. കിലോയ്ക്ക് മൂന്ന് രൂപ പ്രകാരമാണ് ആട്ടിൻകാഷ്ഠം നൽകുന്നത്. ഒരു കിലോ രണ്ട് കിലോ പായ്ക്കറ്റുകളിലാക്കിയും നൽകുന്നുണ്ട്. ജലാംശമുള്ള ആട്ടിൻകാഷ്ഠം നൽകുമ്പോൾ പരിസര മലിനീകരണമുണ്ടാക്കാതെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ ശ്രദ്ധയോടെ കൃഷിക്ക് ഉപയോഗിക്കണം,​ വളമിട്ട ശേഷം മണ്ണിട്ട് മൂടണം,​ വളം കൂട്ടിവയ്ക്കരുത് എന്നിങ്ങനെ പ്രത്യേക നിർദ്ദേശം നൽകാറുണ്ടെന്ന് ഫാം ഹൗസ് ചുമതലയുള്ള ഡോ. സുരേഷ് പറഞ്ഞു. ജലജന്യ രോഗങ്ങൾ പടരുവാൻ ഇടയാക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ശല്യമാകുന്നതും ദുർഗന്ധം വമിക്കുന്നതുമായ വളം വീട്ടുപരിസരത്ത് സൂക്ഷിക്കരുതെന്ന് കൂത്താട്ടുകുളം നഗരസഭ സെക്രട്ടറി ഷീബ എസ്. പറഞ്ഞു.


ജൈവ വളമെന്ന പേരിൽ രേഖകളില്ലാത്ത,​ അനധികൃതമായ സാധനങ്ങൾ നൽകി അമിതമായി പണം തട്ടുന്ന ഏജൻസികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം പരിഗണിക്കും

വിജയ ശിവൻ

ചെയർപേഴ്സൺ

കൂത്താട്ടുകുളം നഗരസഭ

കൂത്താട്ടുകുളം മേഖലയിൽ ആട്ടിൻകാഷ്ഠമെന്ന പേരിലെത്തിക്കുന്ന സാധനത്തിൻ്റെ ഗുണമേന്മ കർഷകർ ഉറപ്പുവരുത്തണം.

സണ്ണി കുര്യാക്കോസ്

വൈസ് ചെയർമാൻ

കൂത്താട്ടുകുളം നഗരസഭ