ആദ്യവിമാനം നാളെ
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സിയാൽ അക്കാഡമിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് സംസ്ഥാന ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് മുഹസിൻ എം.എൽ.എ, രക്ഷാധികാരി അൻവർ സാദത്ത് എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, കെ.എ. ഉണ്ണിക്കൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, മത നേതാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
നാളെ ഉച്ചയ്ക്ക് 12.10ന് 279 തീർഥാടകരുമായി സൗദി എയർലൈൻസിന്റെ ആദ്യ വിമാനം നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടും. ആദ്യ വിമാനത്തിലെ തീർത്ഥാടകർ ഇന്ന് രാവിലെ 9ന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ എത്തുന്ന തീർത്ഥാടകരുടെ ലഗേജ് കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനങ്ങളിൽ ഇവരെ ക്യാമ്പിൽ എത്തിക്കും. വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുന്ന സിയാൽ അക്കാഡമിയിലും തീർത്ഥാടകരെ സഹായിക്കാൻ വളണ്ടിയർമാരുടെ സേവനം ലഭ്യമാണ്.
നെടുമ്പാശ്ശേരിയിൽ നിന്ന് സൗദി എയർലൈൻസിന്റെ 16 വിമാനങ്ങളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇവിടെ നിന്നും ജിദ്ദ വഴി മക്കയിലെത്തുന്ന തീർത്ഥാടകർ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം മദീന വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങുക. ജൂൺ 10 മുതൽ 21 വരെയാണ് മടക്കയാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് 4273 തീർത്ഥാടകരാണ് ഇത്തവണ യാത്ര തിരിക്കുന്നത്.
ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ എ. സഫർ കയാൽ, സ്വാഗതസംഘം ഭാരവാഹികളായ ബി.എ. അബ്ദുൾ മുത്തലിബ്, ഇ.എം. സലീം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.