ആലുവ: തോരാമഴയിൽ നിശ്ചലമായി ആലുവ നഗരവും സമീപ പ്രദേശങ്ങളും. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം പലയിടത്തും താറുമാറായി. മഴക്കാല പൂർവശുചീകരണം നടക്കാതിരുന്നതാണ് വിനയായത്.
നഗരത്തിൽ കാരോത്തുകുഴി മുതൽ പുളിഞ്ചോട് വരെയുള്ള എറണാകുളം റോഡ് വെള്ളത്തിലായി. റോഡരികിലെ പത്ത് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നേരം വെളുക്കുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്ന് മാറേണ്ട ഗതികേടിലായിരുന്നു പലരും. മഴ നിർത്താതെ പെയ്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനായില്ല. വാഹനങ്ങൾ കടന്നു പോയപ്പോഴുണ്ടായ ഓളങ്ങൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് കൂടുതൽ വെള്ളം കയറുന്നതിന് കാരണമായി. പുളിഞ്ചോട് ദേശീയപാതക്ക് കുറുകെയുള്ള കാനയിൽ മാലിന്യം തങ്ങി നിൽക്കുന്നതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് നഗരസഭയിലാണെങ്കിലും കനാൽ സ്ഥിതി ചെയ്യുന്നത് അതിർത്തി പ്രദേശമായ ചൂർണിക്കര പഞ്ചായത്തിലാണ്. കനാൽ വൃത്തിയാക്കേണ്ട ചുമതല പഞ്ചായത്തിനാണെന്നാണ് നഗരസഭയുടെ വാദം.
ദന്താശുപത്രിയും മസ്ജിദും വെള്ളത്തിലായി
പൊതുകാന മാലിന്യം നിറഞ്ഞതിനെ തുടർന്ന് ബ്രിഡ്ജ് റോഡിൽ ദന്താശുപത്രിയും മസ്ജിദും വെള്ളക്കെട്ടിലായി. ഇതേതുടർന്ന് വെള്ളമൊഴുക്കിന് തടസം നീക്കാൻ കൊച്ചി മെട്രോ നടപ്പാത പൊളിച്ച് അറ്റകുറ്റപ്പണിയാരംഭിച്ചു. ഇന്ന് വെള്ളക്കെട്ട് മുഴുവനായി ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. മഴുവഞ്ചേരി ദന്താശുപത്രിയിലേക്കും മസ്ജിദിലേക്കും പോകുന്ന വഴിയിലാണ് ഇന്നലെ രാവിലെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായത്. ഇതിനാൽ ആശുപത്രിയിലേക്ക് വരുന്ന രോഗികളും പള്ളിയിലേക്ക് വരുന്നവരും ഏറെ കഷ്ടപ്പെട്ടു. കാനയുടെ മുകളിൽ പെട്ടിക്കടയുള്ളതിനാൽ ജെ.സി.ബി ഉപയോഗിച്ച് അടിയിലൂടെ തുരക്കുകയാണ്. ഇന്നും അറ്റകുറ്റപ്പണി തുടരും.
രാജഗിരി ആശുപത്രി പരിസരം
പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം വെള്ളക്കെട്ട് വാഹനയാത്ര ദുരിതത്തിലാക്കി. രാജഗിരിക്കും ഐ.എസ്.ആർ.ഒ.ക്കും ഇടയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. വേണ്ടത്ര കാനകൾ ഇല്ലാത്തതും ഉള്ളവ വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമായത്. റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. ഇതോടെ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കാൽനടയാത്രയും ദുഷ്‌കരമായി. റോഡരികിലുണ്ടായ മാലിന്യങ്ങളും വെള്ളത്തിൽ ഉയർന്നു കിടന്നു.
മരം വീണ് വീടിന് നാശം
എടത്തല മൈതാനിമുകളിൽ വേലായുധന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് നാശമുണ്ടായി. ഇന്നലെ രാവിലെ സമീപവാസിയുടെ പറമ്പിൽ നിന്നും മരം കടപുഴകി വീഴുകയായിരുന്നു. വീടിന് വലിയ നാശം സംഭവിച്ചിട്ടുണ്ട്. മരം മുറിച്ചുമാറ്റുന്നതിനായി നേരിത്തെ വേലായുധൻ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കാത്തതാണ് നാശത്തിന് കാരണം.