1
ഹാർബർ പാലം

തോപ്പുംപടി: കൊച്ചി തുറമുഖ നഗരിയെയും കൊച്ചി പൈതൃ കനഗരിയെയും ബന്ധിപ്പിക്കുന്ന പുരാതന പാലമായ കൊച്ചി ഹാർബർ പാലം 80 ന്റെ നിറവിൽ.

തുറമുഖ ശില്പിയായ സർ റോബർട്ട് ബ്രിസ്റ്റോ പാശ്ചാത്യ വൈദ്യഗ്ദ്യ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ഹാർബർ പാലത്തിന് സവിശേഷതകളേറെയാണ്. 1940 ൽ നിർമ്മാണം പുർത്തിയാക്കി 1943 ഏപ്രിൽ 13ന് കമ്മി​ഷൻ ചെയ്ത ഹാർബർ (തോപ്പുംപടി) പാലം 55 വർഷം ദേശീയപാതയുടെ ഭാഗമായിരുന്നു.

പലകകൾ കൊണ്ട് ലിഫ്റ്റ് !

കൊച്ചി കായലിന് കുറുകെ പാലമെത്തുന്നതോടെ തിരുവിതാംകുറിലേക്കുള്ള ചരക്ക് കപ്പൽ നീക്കത്തിന് തടസമുണ്ടാകുമെന്നായതോടെ പാലത്തിന് മദ്ധ്യഭാഗത്ത് ഇരുമ്പ് ദണ്ഡുകളിൽ പലകകൾ കൊണ്ട് ലിഫ്റ്റ് സൃഷ്ടിച്ച് കപ്പൽ കടന്നു പോകാൻ സൗകര്യമൊരുക്കിയ സാങ്കേതികവിദ്യ ഇന്നും ഹാർബർ പാലത്തിന്റെ മാത്രം സവിശേഷതയാണ്. 1968 വരെ ചെറു കപ്പൽയാത്രകൾക്കായി ഈ ലിഫ്റ്റ് പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ഒരു കിലോമീറ്റർ നീളമുള്ള പാലം 16 സ്പാനുകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.പാലത്തിന്റെ മുകൾ തട്ടുകൾ സ്പാനുകളിൽ സ്ഥാപിച്ചിരിക്കുന്നത് സ്പ്രിംഗ് സംവിധാനത്തിലാണ്. ഇന്ത്യയിലാദ്യമായി ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചത് ഹാർബർ പാലത്തിലാണ്. ഇതിലൂടെ 75 ടൺ ഭാരമുള്ള വാഹനങ്ങൾ സഞ്ചരിച്ചാലും പാലത്തിന് ബലക്ഷയമുണ്ടാകില്ലെന്നാണ് പറയുന്നത് .

തുറമുഖ നഗരിയിലെത്തുന്ന നാവിക സേനയ്ക്കുള്ള ആയുധ വാഹന യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

1998 ൽ സംസ്ഥാനത്തെ ആദ്യ ബി.ഒ ടി പാലം തുറന്നതോടെ ഹാർബർപാലം അടച്ചു പൂട്ടി. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള ഹാർബർപാലം 2008ൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറി.തുടർന്ന് ജനകീയ പ്രക്ഷോഭ ഫലമായി 2015ൽ മേൽത്തട്ട് റോഡ് നവീകരിച്ച് ഇരുചക്രവാഹനങ്ങൾക്കായി തുറന്ന് നൽകുകയും ചെയ്തു.വാരകൾക്കകലെയുള്ള വെണ്ടുരുത്തി പാലം സംരക്ഷണ മുറവിളികളുയരുമ്പോൾ കൊച്ചിയുടെ സിഗ്നേച്ചർ ആയ ഹാർബർപാലം ഇന്നും സഞ്ചാരി​കളെയും മറ്റും ആകർഷി​ച്ച് നി​ലകൊള്ളുന്നു. ഹാർബർ പാലത്തിൽ പല ടൂറിസം പദ്ധതികളും വിഭാവനം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല.