ആലുവ: ദേശീയപാതയിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി ആലുവയിലും കാര്യമായ 'അഴിച്ചുപണി"ക്ക് മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ധാരണ. ആലുവ ബൈപ്പാസിലെയും തോട്ടക്കാട്ടുകരയിലെയിലെയും ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കൽ പരിശോധിക്കാൻ നാറ്റ് പാകിനും റോഡ് സേഫ്റ്റി അതോറിട്ടിക്കും നിർദ്ദേശം നൽകി.

പറവൂർ കവലയിൽ നിന്ന് പറവൂർ റോഡിലേക്കും മണപ്പുറം റോഡിൽ നിന്ന് ആലുവയിലേക്കും 'ഫ്രീ ലെഫ്റ്റ്' നടപ്പിലാക്കും. ഈ ഭാഗത്തെ സമാന്തര റോഡുകൾ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കും. പറവൂർ കവലയിലെ സിഗ്നൽ ഒഴിവാക്കി 100 മീറ്റർ വടക്കോട്ട് മാറി 'യു" ടേൺ ഒരുക്കുന്നതിനും നിർദ്ദേശമുണ്ട്.

തോട്ടക്കാട്ടുകരയിൽ സിഗ്നൽ ഒഴിവാക്കുമ്പോൾ കടുങ്ങല്ലൂർ ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾക്കായി 100 മീറ്റർ വടക്കോട്ട് മാറി മതിയായ വീതിയോടെ 'യു" ടേൺ സൗകര്യമൊരുക്കും. മണപ്പുറം റോഡിൽ നിന്ന് ആലുവയിലേക്കുള്ള വാഹനങ്ങൾക്കും ഫ്രീ ലെഫ്റ്റ് ഒരുക്കും.

ആലുവ ബൈപ്പാസിലെ സിഗ്നൽ സംവിധാനം ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ആലുവ ടൗണിലേക്ക് പോകുന്ന വാഹനങ്ങൾക്ക് അണ്ടർപാസ് വഴി പാലത്തിനടിയിലൂടെ പോകാം. തൃശൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ മേൽപ്പാലം വഴി പോകും.

അത്താണിയിലും

ട്രാഫിക് പരിഷ്കാരം

അത്താണിയിൽ എയർപോർട്ട് കവലയിലും മാറ്റങ്ങൾക്ക് നിർദ്ദേശമുണ്ട്. ആലുവ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുന്ന ദിശയിൽ ഇടത്തെ അറ്റത്തെ ട്രാക്കിലൂടെ വരുന്ന വാഹനങ്ങൾക്ക് എപ്പോഴും ഗ്രീൻ സിഗ്നൽ നൽകും. എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ വലത്തേ അറ്റത്തെ ട്രാക്കിലൂടെ സിഗ്നൽ ലഭിക്കുന്നതനുസരിച്ച് പോകണം.

എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് കൂടുതൽ സമയം ഗ്രീൻ സിഗ്നൽ നൽകും. അങ്കമാലി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഗ്രീൻ സിഗ്നൽ കൂടുതൽ സമയം നൽകും.

അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, അഡീ. ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ, ബിജു കുമാർ (ദേശീയപാത അതോറിട്ടി) എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.