ph
കാലടിയിലെ ഗതാഗത കുരുക്ക് നേരിൽ കാണുന്നതിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ എത്തിയപ്പോൾ റോജി.എം. ജോൺ എം. എൽ. എ,, ബ്ലോക്ക് മെമ്പർ സിജോ ചൊവ്വരാൻ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ടി. വർഗീസ് തുടങ്ങിയവർ സംസാരിക്കുന്നു.

കാലടി: കാലടിയിലേയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ നേരിൽ കണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചശേഷം കാലടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിൽ നിന്നും വിവിധ മേഖലകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിക്കുകയും പരിഹാര നിർദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു. 1. സിയാലിന്റെ സഹായത്തോടെ മറ്റൂർ ജംഗ്ഷനിൽ റൗണ്ട് എബൗട്ട്‌ ഉടനടി സ്ഥാപിക്കും. 2. ചെമ്പിച്ചേരി റോഡിൽ നിന്നും കനാൽ സ്ലാബ് ഇട്ട് നികത്തി മറ്റൂർ മുതൽ വൺ വേ സംവിധാനം അടിയന്തിരമായി നടപ്പാക്കും. 3. കാലടി മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിച്ച് ഒറ്റവരി ഗതാഗതം നടപ്പാക്കും. 4. കാലടി മുതൽ മറ്റൂർ ജംഗ്ഷൻ വരെ ട്രാഫിക്ക് പൊലീസിനെ നിയോഗിക്കും. 5. നിലവിലുള്ള സിഗ്നൽ സംവിധാനം കൃത്യമായ പഠനശേഷം അപാകതകൾ പരിഹരിച്ച് ഉടനെ പുനരാരംഭിക്കും . 6. കാലടി പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കുഴികൾ ഉടനെ ടാർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. 7. കാലടി യൂണിവേഴ്സിറ്റി റോഡിലൂടെയുള്ള വൺവേ സംവിധാനം കർശനമായി നടപ്പാക്കും. 8. അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കും. 9. താന്നിപ്പുഴ പാലത്തിനു സമീപമുള്ള ലോറി പാർക്കിംഗ് നിരോധിക്കും. 10. വല്ലം കടവ് പാലം ദിശാ ബോർഡുകൾ സ്ഥാപിക്കും. 11. മലയാറ്റൂർ, കോതമംഗലം, മൂന്നാർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മറ്റൂർ-കൈപ്പട്ടൂർ-മേക്കാലടി വഴി തിരിച്ച് വിടും.

തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച അവലോകന യോഗം ഒരു മാസത്തിനുശേഷം നടത്തുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിക്ക് പുറമേ എം. എൽ. എ. മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തോട്ടപ്പിള്ളി, അഡിഷണൽ ട്രാൻസ്‌പോർട് കമ്മിഷണർ പ്രമോജ് ശങ്കർ, ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. വി. ടോളിൻ, സിജോ ചൊവ്വരാൻ, എം.ടി. വർഗ്ഗീസ്, പെരുമ്പാവൂർ എ. എസ്. പി, മോട്ടോർ വാഹന-പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.