1
ഫോർട്ട് കൊച്ചിയിൽ ആരംഭിച്ച എക്സിബിഷനിൽ നിന്നും

ഫോർട്ട്‌കൊച്ചി: ഉത്സവപ്രതീതിയാണ് ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ആർട്ട് ഹാളിലെത്തിയാൽ. നെറ്റിപ്പട്ടവും തിടമ്പും കഥകളി രൂപങ്ങളും ഇവിടെ കൺകുളിർക്കെ കാണാം. യുവ കലാകാരി അർച്ചന പി.സിയുടെ 'വർണോദയം" ആർട്ട് എക്‌സിബിഷനിലാണ് ഈ കാഴ്ച്ചപ്പൂരം. കൂടാതെ അ‌ർച്ചനയുടെ ഒട്ടനവധി മനോഹര ചിത്രങ്ങളും സന്ദർശകർക്ക് വിസ്മയമാകുന്നു. ഈജിപ്ഷ്യൻ ആർട്ട്, ആഫ്രിക്കൻ ട്രൈബൽ ആർട്ട്, രാജസ്ഥാനി മ്യൂറൽ, ബോഹോ ആർട്ട്, കലംകാരി, മിക്‌സഡ് മീഡിയ ക്യാൻവാസ് പെയിന്റിംഗ്, ക്യാൻവാസ് പെയിന്റിംഗ് തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ഒട്ടനവധി ചിത്രങ്ങളും എക്‌സിബിഷനിൽ കാണാനാകും. വിദേശികൾ ഉൾപ്പെടെ നിരവധി പേരാണ് പ്രദർശനം കാണാനെത്തുന്നത്. ക്രാഫ്റ്റ് ഫാം ഉടമയായ അർച്ചന മലപ്പുറം തിരൂർ സ്വദേശിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ അർച്ചന പിന്നീട് മൾട്ടിമീഡിയയിൽ ബുരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരളത്തിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള കലാരൂപങ്ങളുടെ പ്രാധാന്യം പുതുതലമുറയെ അറിയിക്കുക, അവയ്ക്ക് ആഗോള ശ്രദ്ധ നേടിയെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് എക്‌സിബിഷൻ സംഘടിപ്പിച്ചതെന്ന് അർച്ചന പറഞ്ഞു. വെള്ളിയാഴ്ച്ച ആരംഭിച്ച എക്‌സിബിഷൻ കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ ടി.എ സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രദർശനം ഇന്ന് അവസാനിക്കും.