കൊച്ചി: ജില്ലയിലെമ്പാടും ഇന്നലെയും കനത്ത മഴയും വെള്ളക്കെട്ടുമുണ്ടായി. വ്യാഴാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ ഇന്നലെ ഉച്ചവരെ തുടർന്നു. എറണാകുളം നഗരത്തിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം റെഡും ഇന്നലെ ഓറഞ്ചുമായിരുന്ന മഴ മുന്നറിയിപ്പ് ഇന്ന് യെല്ലോ അലർട്ടിലേക്ക് മാറിയിട്ടുണ്ട്.
എറണാകുളം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, വുഡ്‌ലാൻഡ്‌സ് ജംഗ്ഷൻ, പദ്മ, നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷനുകൾക്ക് സമീപം, പാലാരിവട്ടം, ഇടപ്പള്ളി സിഗ്നൽ ജംഗ്ഷന് സമീപം തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായെങ്കിലും അധികനേരം നീണ്ടു നിന്നില്ല.
ആലുവയിൽ വെള്ളക്കെട്ട്, മരംവീഴ്ച
ആലുവ നഗരത്തിലും സമീപപ്രദേശങ്ങളും വലിയതോതിൽ വെള്ളക്കെട്ടുണ്ടായി. കാരോത്തുകുഴി മുതൽ പുളിഞ്ചോട് വരെയുള്ള എറണാകുളം റോഡ് വെള്ളത്തിലായി. റോഡരികിലെ 10 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ബ്രിഡ്ജ് റോഡിൽ ദന്താശുപത്രിയും മസ്ജിദും വെള്ളക്കെട്ടിലായി. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപവും വലിയ വെള്ളക്കെട്ടുണ്ടായി.
മരംവീണ് വീട് തകർന്നു
എടത്തല മൈതാനിമുകളിൽ വേലായുധന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് നാശമുണ്ടായി. ഇന്നലെ രാവിലെ സമീപവാസിയുടെ പറമ്പിൽ നിന്നും മരം കടപുഴകി വീഴുകയായിരുന്നു.
ചോറ്റാനിക്കരയിൽ നെൽകൃഷി നശിച്ചു
കനത്ത മഴയിൽ ചോറ്റാനിക്കര മഞ്ചക്കാട് പാടശേഖരത്തിലെ നെൽകൃഷി നശിച്ചു. ചോറ്റാനിക്കരയിലെ പത്ര ഏജന്റായ പ്രകാശ് ടി. അബ്രഹാം, ബ്ലെസി അബ്രഹാം, മോളി, ഔസേപ്പ് എന്നിവർ പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയാണ് നശിച്ചത്. കൊയ്ത്തിന് തയ്യാറായി കിടന്ന ഏഴേക്കറോളം നെല്ലും നശിച്ചു. കോലഞ്ചേരി മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്‌കൂളിന് മുന്നിൽ വലിയ വെള്ളക്കെട്ടുണ്ടായി.
മലങ്കര അണക്കെട്ട് തുറന്നു തന്നെ
മഴ ശക്തമായതിനെ തുടർന്ന് നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ മലങ്കര അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം നൽകിയ ജാഗ്രതാ നിർദേശം തുടരുകയാണ്.
ഭൂതത്താൻകെട്ട് തുറന്നു
പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കാൻ കൂടുതൽ വെളളം പുഴയിലേക്ക് തുറന്നുവിട്ടു. ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.