കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം ജില്ലാ കളക്ടർ മാത്രം വിചാരിച്ചാൽ മാറ്റാനാകില്ലെന്ന് ഹൈക്കോടതി. ഒഴുകിവരുന്ന വെള്ളം മുഴുവൻ മലിനമാണെന്നും പ്രശ്‌നപരിഹാരത്തിന് കൂട്ടായ പ്രവർത്തനം വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിലാണ് നിരീക്ഷണം.

വെള്ളക്കെട്ടിന് കാരണമാകുന്ന ഹോട്ട്‌സ്‌പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഉൾപ്പെട്ട വിദഗ്ദ്ധസമിതിക്ക് ഹൈക്കോടതി നിർദേശം നൽകി. മുല്ലശേരിക്കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും നിർദേശിച്ചു.

മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന 15 സ്ഥലങ്ങളാണ് നഗരത്തിലുള്ളത്. അവിടെ കനാൽ ശുചീകരണം നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ കനാലുകളുടെ ശുചീകരണത്തിൽ തത്സ്ഥിതി റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കി നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം. വെള്ളക്കെട്ടു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികളെടുത്ത കളക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും കോടതിയെ സഹായിച്ച അമിക്കസ് ക്യൂറിക്കും കോടതി അഭിനന്ദനം അറിയിച്ചു. ഹൈക്കോടതിയുടെ ഇടപെടലില്ലാതെ തന്നെ സംവിധാനം കൃത്യമായി പ്രവർത്തിക്കണമെന്നും വ്യക്തമാക്കി.