"വൃക്ക മുതൽ ഹൃദയംവരെ കിട്ടുന്ന മാർക്കറ്റ് ". ഇന്ത്യയുൾപ്പെട്ട ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ഇങ്ങനെയും ഒരു കുപ്രസിദ്ധിയുണ്ട്. പണം മുടക്കാൻ തയ്യാറായാൽ എന്തും കിട്ടുമെന്ന് ചുരുക്കം. അടിയന്തിര അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട സാഹചര്യമുള്ള ധനികർക്കായി ഇപ്പോൾ ടൂറിസം തന്നെയുണ്ട്. ട്രാൻസ്പ്ലാന്റ് ടൂറിസം ! ഇതിനായി എല്ലാ പാക്കേജും ഒരുക്കുന്ന റാക്കറ്റുകളിലെ ഒരു കണ്ണി മാത്രമാണ് "ഇറാൻ അവയക്കച്ചവട കേസിൽ" നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ.
നാല് തട്ടുകളിലായാണ് പാക്കേജ് ഒരുക്കുന്നവരുടെ പ്രവർത്തനം. ദാതാവിനെ കണ്ടെത്തുന്നവർ, മുഖ്യ ഏജന്റ്, ഇടപാട് നിയന്ത്രിക്കുന്ന ഡോക്ടർമാർ, സ്വീകർത്താവിന്റെ ഏജന്റ് എന്നിങ്ങനെയാണ് പ്രവർത്തനം. ഇതിൽ രണ്ടാമത്തെ ഗ്രൂപ്പിലാണ് സാബിത്ത് ഉൾപ്പെടുന്നത്. സാമൂഹികമാദ്ധ്യമങ്ങളിലൂടെയാണ് അധികം അവയവക്കച്ചവട റാക്കറ്റുകൾ ഇടപാടുകൾ ഏകോപിക്കുന്നത്. ഇത് ലോകാരോഗ്യ സംഘടനയ്ക്ക് തന്നെ അറിവുള്ളതുമാണ്. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയ്ക്ക് പുറമേ റാക്കറ്റുകൾ വേരുറപ്പിച്ചത്. ദാരിദ്ര്യം ചൂഷണം ചെയ്താണ് പോക്കറ്റ് വീർപ്പിക്കൽ. സൗദി അറേബ്യ, കാനഡ, ബ്രിട്ടൺ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്വീകർത്താക്കൾക്ക് ഇന്ത്യക്കാരുടെ അവയങ്ങളോടാണ് താത്പര്യം. ഇത് തിരിച്ചറിഞ്ഞ റാക്കറ്റുകൾ അയൽരാജ്യങ്ങളിൽ നിന്നും ആളുകളെ എത്തിച്ച് "ഇന്ത്യക്കാരായി "മാറ്റിയാണ് ഇറാനിലുൾപ്പെടെ എത്തിക്കുന്നത്.
പോക്കറ്റിലാകുന്ന കോടികൾ
''സഹോദരിയുടെ വിവാഹം നടത്തണം."" ഒഡീഷ സ്വദേശി രാജേന്ദ്ര വൃക്ക വിൽക്കാൻ തയ്യാറായത് ഈയൊരറ്റ ആവശ്യത്തിന് വേണ്ടിയായിരുന്നു. അറസ്റ്റിലായ ഡൽഹി അയവക്കച്ചവട റാക്കറ്റിലെ കണ്ണികളിൽ നിന്ന് ലഭിച്ച രേഖകൾ തേടിപ്പോയ പ്രത്യേക അന്വേഷണസംഘം കണ്ടെത്തുമ്പോഴാണ് വലിയൊരു കെണിയിൽ നിന്നാണ് താൻ രക്ഷപ്പെട്ടതെന്ന് രാജേന്ദ്ര അറിയുന്നത്. വെറും നാലരലക്ഷം രൂപയാണ് വൃക്കയ്ക്ക് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. മറ്റ് വഴിയില്ലാത്തതിനാൽ രാജേന്ദ്ര സമ്മതം മൂളിയിരുന്നു. എല്ലാത്തിനും ഒരുങ്ങിയിരിക്കെയാണ് ഡൽഹി റാക്കറ്റ് പൊലീസ് വലയിലായത്.
രാജേന്ദ്രയെ പോലുള്ള ഇരകളെ ശ്രീലങ്കയിലോ ഇറാനിലോ എത്തിക്കുന്ന സംഘങ്ങൾ, വൃക്കയ്ക്കായി ഈടാക്കുന്നത് 25 മുതൽ 60 ലക്ഷം രൂപ വരെയാണ്. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ പോക്കറ്റിലാകുന്നത് 20 മുതൽ 55 ലക്ഷം വരെ. പാസ്പോർട്ട് ഉണ്ടെങ്കിൽ വൃക്കയ്ക്ക് അഞ്ച് ലക്ഷം രൂപ അധികം നൽകും. വ്യാജരേഖ, ആശുപത്രി ചെലവ്, യാത്ര ചെലവ് എല്ലാം വഹിക്കുന്നത് തങ്ങളെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് തുച്ഛമായ തുക ദാതാക്കൾക്ക് നൽകുന്നത്.
ശ്രീലങ്കയിലെ ഉൾപ്പെടെ ആശുപത്രികളിലെ ഡോക്ടർമാർക്ക് ആദ്യമെല്ലാം രണ്ടുലക്ഷം രൂപയാണ് കമ്മിഷനായി നൽകിയിരുന്നത്. ഇപ്പോൾ 10 ലക്ഷത്തിനും മുകളിലാണ് ഡോക്ടമാർ ആവശ്യപ്പെടുന്നത്. ശ്രീലങ്കയിലെ വെസ്റ്റേൺ ആശുപത്രി, ലങ്ക ആശുപത്രി, നവലോക ആശുപത്രി, ഇറാനിലെ ഫരീദഖാൻ ആശുപത്രി എന്നിവിടങ്ങളിലാണ് റാക്കറ്റുകൾ ഉൾപ്പെടുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2011 മുതൽ വിദേശിയർക്ക് അവയവങ്ങൾ നൽകരുതെന്ന് നിയമം കൊണ്ടുവന്നെങ്കിലും അതീവരഹസ്യമായി ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.
രാജ്യംഞെട്ടിയ അറസ്റ്റ്
2015 ഫെബ്രുവരി 17. തെലങ്കാന സെൻട്രൽ ക്രൈംബ്രാഞ്ച് അഡിഷണൽ പൊലീസ് കമ്മിഷണർ അൻജാനി കുമാർ വിളിച്ചുചേർത്ത വാർത്താസമ്മേളത്തിലെ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ അമ്പരപ്പിച്ചതായിരുന്നു. ഇന്ത്യക്കാരെ വിദേശാരാജ്യങ്ങളിൽ എത്തിച്ച് അവയവങ്ങൾ വിൽക്കുന്ന റാക്കറ്റിലെ പ്രധാനിയായ ഡോക്ടറും മൂന്ന് കൂട്ടാളികളും പിടിയിലായത് അദ്ദേഹം വെളിപ്പെടുത്തി. ശ്രീലങ്കയിൽ എത്തിച്ച് വൃക്ക കൈക്കലാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്ന യുവാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഡോ. ഹൃദേശ് സക്സേന, കെ. രാഘവേന്ദ്ര, എ. അശോക്, സഞ്ജയ് ജയിൻ എന്നിവരാണ് പിടിയിലായത്.
ശ്രീലങ്ക, ഇറാൻ എന്നിവിടങ്ങളിലേക്കാണ് റാക്കറ്റ് ആളുകളെ എത്തിച്ചിരുന്നത്. തെലങ്കാന, കേരളം, തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. ഭേദപ്പെട്ട തുക വാഗ്ദാനം ചെയ്തശേഷം കബളിപ്പിക്കുന്നതായിരുന്നു രീതി. ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ വൈദ്യപരിശോധന നടത്തിയശേഷമാണ് ഇവർ ആളുകളെ ശ്രീലങ്കയിൽ എത്തിച്ചിരുന്നത്. അവയവം വിൽക്കാൻ എത്തുന്നവർക്ക് വ്യാജ പാസ്പോർട്ടും മറ്റും ഇവർ തന്നെ നിർമ്മിച്ച് നൽകും. അറസ്റ്റിലായ സഞ്ജയ് ജയിനാണ് റാക്കറ്റിനായി വ്യാജ പാസ്പോർട്ട് നിർമ്മിച്ചിരുന്നത്. 60കാരനായ സക്സേന നിരവധിപ്പേരെ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നാണ് തെലങ്കാന സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വിദ്യാർത്ഥിയായ എ. അശോകാണ് ദാതാക്കളെ കണ്ടെത്തുന്നത്. ബിസിനസുകാരനായ രാഘവേന്ദ്രയാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.
തുടരെ തുടരെ അറസ്റ്റ്
ഹൈദരാബാദ് കേസിന് പിന്നാലെ രാജ്യത്തെ അവയവക്കച്ചവട റാക്കറ്റുകൾ ദേശീയ രഹസന്വേഷണ ഏജൻസിയുടെ റഡാറിന് കീഴിലായി. തുടരെത്തുടരെ റാക്കറ്റിലെ കണ്ണികളെയും ഇരുമ്പഴിക്കുള്ളിൽ എത്തിച്ചു. ഇതിൽ ഒടുവിലത്തെ കേസാണ് നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന ഇറാൻ അവയവക്കച്ചവടം. തെലങ്കാന കേസിന് പിന്നാലെ, 2017ലായിരുന്നു രണ്ടാമത്തെ വലിയ അറസ്റ്റുണ്ടായത്. ഈജിപ്തിലേക്ക് ദാതാവിനെ കടത്തിയെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്ര്. ഉത്തരേന്ത്യക്കാരായ നിസാമുദ്ദീൻ, സുകേഷ് പ്രജാപതി എന്നിവരുടെ കൈകളിൽ വിലങ്ങുവീണു. മുംബയ് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരുവരെയും രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് തടഞ്ഞുവച്ച് മുംബയ് പൊലീസിന് കൈമാറുകയായിരുന്നു. ഇറാൻ അവയവക്കച്ചവട കേസിലെ പ്രതി സാബിത്തിന്റെ അറസ്റ്റിന് സമാനം.
ഇന്ത്യയിൽ നിന്ന് 60ലധികം പേരാണ് നിസാമുദ്ദീനും സംഘവും അവയവക്കച്ചവടത്തിനായി വിദേശരാജ്യങ്ങളിൽ എത്തിച്ചത്. കൂടുതൽപ്പേരെയും ശ്രീലങ്കയിലേക്കാണ് കൊണ്ടുപോയത്. ഈജിപ്തിലെ കെയ്റോയിലേക്ക് ആറുപേരെ എത്തിച്ച്, അടുത്ത ഇരകളെ വീഴ്ത്താനുള്ള തന്ത്രംമെനഞ്ഞ് മുംബയിൽ എത്തിയപ്പോഴാണ് പദ്ധതികൾ തകിടംമറിച്ച് പൊലീസിന്റെ പിടിവീണത്. കഴിഞ്ഞവർഷം വെബ്സൈറ്റിലൂടെ അവയവക്കച്ചവടം നടത്തിവന്ന റാക്കറ്റിലെ അഞ്ചുപേരെ തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ചെന്നൈയിൽ ഉള്ള രണ്ട് പേർ ആഫ്രിക്കൻ പൗരന്മാരാണ്. ഏപ്രിൽ ഒന്നിനും അവയക്കച്ചവട റാക്കറ്റ് സംഘാംഗങ്ങൾ പൊലീസിന്റെ വലയിലായി. ആശുപത്രി ജീവനക്കാരായ മൂന്ന് പേരാണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. 10 മുതൽ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബംഗ്ലാദേശികളെയാണ് ഇവർ കടത്തിയിരുന്നത്.
വർഷം 10,000
പ്രതിവർഷം 10,000 വൃക്കകൾ അവയവക്കച്ചവട റാക്കറ്റുകളിലൂടെ വിൽക്കപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഒരു മണിക്കൂറിൽ ഒരാൾ വൃക്ക വിൽക്കുന്നു. ഇന്ത്യയിൽ 2000 പേർ വൃക്ക വിൽക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ, വായ്പ തിരിച്ചടവ് എന്നിവയാണ് ആളുകളെ വൃക്കയടക്കം വിൽക്കാൻ പ്രേരിപ്പിക്കുന്നത്.
നാളെ: കണ്ണീരു മാത്രം ബാക്കി