കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വേണാട് എക്സപ്രസിന്റെ വൈകിയോട്ടം തുടരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്തലാക്കിയതിന് പിന്നാലെ സ്ഥിരമായി വൈകിയോടുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് വേണാട് എക്സ്‌പ്രസിലെ സ്ഥിരം യാത്രക്കാർ. പതിവായി ഓഫീസിൽ വൈകിയെത്തുന്നതിനാൽ ജോലിയുടെ കാര്യവും ഭീഷണിയിലാണെന്ന് യാത്രക്കാർ പറയുന്നു. പല ദിവസങ്ങളിലും പകുതി ശമ്പളം നഷ്ടമാകുന്ന അവസ്ഥയാണ് പലർക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിലിന്റെ നേതൃത്വത്തിൽ യാത്രക്കാർ റെയിൽവേ അധികൃതർക്ക് പരാതി നൽകി.
തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് ഷെഡ്യൂൾ സമയം പാലിക്കാതെ കഴിഞ്ഞ ഒരാഴ്ചയായി രാവിലെ 10ന് ശേഷമാണ് എറണാകുളം ടൗൺ സ്റ്റേഷനിൽ (നോർത്ത്) എത്തിച്ചേരുന്നത്.
താത്കാലികമായാണ് സൗത്ത് ഒഴിവാക്കിയതെങ്കിലും വേണാടിന്റെ സമയം പരിഷ്‌കരിച്ചിരുന്നു. ടൗണിൽ 9.30ന് എത്തുന്നവിധം ക്രമീകരിച്ചിരുന്നെങ്കിൽ പകുതി ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുമായിരുന്നെന്ന് യാത്രക്കാർ പറയുന്നു.
പുലർച്ചെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിന്റെ സമയം നേരത്തെയാക്കി അടിയന്തിരപരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. 9.40 ന് മുമ്പ് എത്തിക്കൊണ്ടിരുന്നപ്പോഴാണ് വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയത്.
ജംഗ്ഷനിൽ തടസങ്ങൾ വീണ്ടും ഉന്നയിച്ചാൽ 9.15ന് മുമ്പ് എറണാകുളം ടൗണിൽ എത്തുന്നവിധം മെമു അനുവദിച്ചാൽ പോലും സൗത്തിലേയ്ക്ക് ഗുരുവായൂർ - എറണാകുളം പാസഞ്ചർ പോലെ കണക്ഷൻ ട്രെയിനുകൾ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താനാകും.
മെട്രോ യാത്രയും നഷ്ടക്കച്ചവടം
തൃപ്പൂണിത്തുറയിൽ ഇറങ്ങി മെട്രോ റെയിലിൽ കയറി എറണാകുളത്തെത്താനുള്ള ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം സൗത്തിലേയ്ക്ക് ഒരു ദിശയിലേയ്ക്ക് 40 രൂപയാണ് മെട്രോ നിരക്ക്
വേണാട് സൗത്ത് ജംഗ്ഷൻ ഒഴിവാക്കുന്നത് താത്കാലികമായതിനാൽ യാത്രക്കാർ ഇതുവരെ സഹിക്കാൻ തയ്യാറാവുകയായിരുന്നു. ഒരു മാസമാകുമ്പോഴും ജംഗ്ഷനിൽ യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ല. വേണാട് തിരിച്ച് സൗത്തിൽ വരുന്നതിന്റെയോ പുതിയ മെമു അനുവദിക്കുന്നതിന്റെയോ ലക്ഷണങ്ങൾ കാണാത്തതിനാലാണ് പരാതി നൽകിയത്
ലിയോൺസ്
സെക്രട്ടറി
ഫ്രണ്ട്സ് ഓൺ റെയിൽ