r

സാജു വാഴച്ചാൽ

തൃപ്പൂണിത്തുറ: കഴിഞ്ഞദിവസം പെയ്ത ഒറ്റ മഴയിൽ തന്നെ തൃപ്പൂണിത്തുറ നഗരം പൂർണമായി വെള്ളക്കെട്ടിലായി. വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും മഴവെള്ളം ഇരച്ചു കയറി. വാഹന ഗതാഗതം നിശ്ചലമായി. ജനജീവിതം സ്തംഭിച്ചു. കാനകളും തോടുകളും വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുമെങ്കിലും യഥാർത്ഥ കാരണം കോണോത്തു പുഴയാണെന്ന് വിദഗ്ധർ പറയുന്നു. മാലിന്യങ്ങൾ തള്ളിയും കയ്യേറ്റം നടത്തിയും കോണോത്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചതോടെ പായലും ചെടികളും മരങ്ങൾ പോലും വളർന്ന് പുഴ നിശ്ചലമായി. മഴക്കാലത്തെ തൃപ്പൂണിത്തുറയുടെ ദുർഗതിയും ഇതോടെ തുടങ്ങി.

തൃപ്പൂണിത്തുറ നഗരസഭയുടെ വടക്കൻ അതിർത്തിയായ ചമ്പക്കരയിൽ തുടങ്ങി 17 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് പൂത്തോട്ട കായലിൽ ചേരുന്നതാണ് കോണത്തുപുഴ. തൃപ്പൂണിത്തുറ-ഉദയംപേരൂർ മേഖലയിലെ പെയ്ത്തുവെള്ളം മുഴുവൻ ഏറ്റു വാങ്ങാൻ ശേഷിയുള്ളതാണ് കോണോത്തുപുഴയെന്നും വിദഗ്ധർ പറയുന്നു.

കോണോത്തു പുഴയ്ക്ക് അതിർത്തി കല്ലുകൾ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ 21 കൈയേറ്റങ്ങളിൽ പത്തെണ്ണം ഇനിയും ഒഴിപ്പിക്കാനുണ്ട്. ഉദയംപേരൂർ പഞ്ചായത്തിൽ 12 കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാൻ 2021 ൽ നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

------------------------------------------------

സർക്കാർ പുഴകൈയേറ്റ മാഫിയക്കൊപ്പം: ട്രൂറ

സർക്കാരിന്റെ (കൺകറൻസ്) തുടർ അനുമതിക്ക് ശേഷം ടെണ്ടർ നടപടിക്രമങ്ങൾ തുടങ്ങിയാൽ മതിയെന്ന ഇറിഗേഷൻ ചീഫ് എഞ്ചിനീയറുടെ അസാധാരണ നിർദ്ദേശത്തെ തുടർന്ന് പ്രവർത്തികൾ ടെൻഡർ ചെയ്യുവാൻ കഴിഞ്ഞിട്ടില്ലെന്ന് നവകേരള സദസിൽ ട്രൂറ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി മൈനർ ഇറിഗേഷൻ എക്സി. എഞ്ചിനീയർ അറിയിച്ചു.

പുഴ നവീകരണത്തിന് 26 കോടി രൂപയുടെ അനുമതി ലഭിച്ച് ഒരു വർഷം

ഒന്നാംഘട്ടമായി ചെളിയും എക്കലും പായലും മാറ്റാനും നദിയുടെ തീരം ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ച് സംരക്ഷിക്കാനും 18 കോടി

കണിയാവള്ളി പാലത്തിന്റെ പുനർ നിർമ്മാണത്തിന് 8 കോടി

അധികൃതരുടെ അനാസ്ഥയിൽ ടെൻഡർ നടപടി പോലുമായില്ല

കൈയ്യേറ്റ മാഫിയകളുടെ സ്വാധീനമാണ് കോണോത്തു പുഴയുടെ പുനരുജ്ജീവന നടപടികൾ വൈകുന്നതിന് പിന്നിൽ

വി.പി. പ്രസാദ്

ട്രൂറ ചെയർമാൻ

വി.സി. ജയേന്ദ്രൻ

ട്രൂറ കൺവീനർ