കൊച്ചി: പെരിങ്ങഴ നിവാസികൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാലടപ്രഥമൻ ഉൾപ്പെടെയുള്ള സദ്യവിളമ്പി. പെരിങ്ങഴ ശ്രീദുർഗ ഭഗവതി പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായായാണ് മുടങ്ങാതെയുള്ള ഈ കാരുണ്യസ്പർശം.
മെഡിക്കൽ കോളേജിന് സമീപമാണ് ക്ഷേത്രം. നാലുവർഷം മുമ്പ്, അന്നത്തെ ഉത്സവാഘോഷ കമ്മിറ്റിയാണ് 10 ദിവസം നീളുന്ന പ്രസാദ ഊട്ടിന്റെ ഒരുദിനം മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളുമടക്കം 1200ലധികം പേർ പ്രസാദ ഊട്ടിന്റെ ഭാഗമായി. 22 മുതൽ 31 വരെയാണ് പെരിങ്ങഴ ശ്രീദുർഗഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോത്സവം. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് വി.എ. അപ്പുക്കുട്ടൻ, സെക്രട്ടറി വി.എസ്. രാജീവൻ, ട്രഷറർ സുരേഷ് കുമാർ, കൺവീനർ രാഹുൽ, ജോ. കൺവീനർമാരായ ലാൽ പ്രസാദ്, പ്രിജേഷ് ജോഷി എന്നിവർ പ്രസാദ ഊട്ടിന് നേതൃത്വംനൽകി.