padam
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട സ്വഭാവത്തിലെ മാറ്റം പഠിക്കുന്നതിനായി സംഘടിപ്പിക്കുന്ന സർവയുടെ ചോദ്യാവലി ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പ്രകാശനം ചെയ്യുന്നു

കൊച്ചി: വെള്ളംകുടിച്ച ശേഷം കുപ്പി വലിച്ചെറിയുന്നവരാണോ നിങ്ങൾ? അതോ വേസ്റ്റ് ബിന്നിലിടുമോ?

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിൽ ആളുകളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് സർവേയിലൂടെ കണ്ടെത്താൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. സർവേയുടെ ചോദ്യാവലി ഇന്നലെ കളക്ടർ എൻ.എസ്.കെ. ഉമേഷ് പുറത്തുവിട്ടു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്റെ സഹായത്തോടെ 28, 29 തിയതികളിൽ ജില്ലയുടെ പത്തു കേന്ദ്രങ്ങളിൽ സർവേ നടക്കും.

ഓരോ സ്ഥലത്തു നിന്നും 200 പേരുടെ വീതം അഭിപ്രായം ശേഖരിക്കും. ആകെ 2000 സാമ്പിളുകൾ. ജില്ലാ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്റെ റിസർച്ച് അസിസ്റ്റന്റ് കെ.എ. ഇന്ദുവാണ് സർവേയ്ക്ക് ആവശ്യമായ സാങ്കേതികസഹായം നൽകുന്നത്. എക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്‌സും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി സാമ്പിളുകൾ വിശകലനം ചെയ്ത് പഠനറിപ്പോർട്ട് തയ്യാറാക്കും. ജില്ലയിൽ നടത്താനിരിക്കുന്ന വിവര വിജ്ഞാന പ്രവർത്തനങ്ങൾക്ക് പഠനം സഹായകരമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.

കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ്. ഹക്ക്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ, നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. രഞ്ജിനി, ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ടെക്‌നിക്കൽ കൺസൾട്ടന്റ് ടി.എസ്. സജീർ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ കെ.ജെ. ലിജി, ജെമി അന്നാ മാണി, ഇന്ദു വി. കുട്ടൻ എന്നിവർ പങ്കെടുത്തു.

 സർവേ നടക്കുന്നത്
മെട്രോ ട്രെയിൻ, ലുലു മാൾ, സെൻട്രൽ സ്‌ക്വയർ മാൾ, ഒബ്രോൺ മാൾ, ഫോറം മാൾ, വൈറ്റില ഹബ്ബ്, കുസാറ്റ്, സിവിൽ സ്റ്റേഷൻ, മറൈൻ ഡ്രൈവ്, ഹിൽ പാലസ്