ആലുവ: തോട്ടക്കാട്ടുകര ഷാഡിലൈനിൽ താമസിക്കുന്നവർക്ക് പുറം ലോകത്തേക്ക് എത്തണമെങ്കിൽ വഞ്ചിവേണമെന്നതാണ് നിലവിലെ അവസ്ഥ. രണ്ട് ദിവസമായി നാലടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയിട്ടില്ല.
നഗരസഭയിലെ 24,25,26 വാർഡുകളിലെ മഴവെള്ളം പെരിക്കാത്തോടുവഴിയാണ് പെരിയാറിലെത്തേണ്ടത്. കാനകൾ നവീകരിക്കാത്തതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല. താരതമ്യേന താഴ്ന്ന ഭാഗമായതിനാൽ അതിന്റെ ദുരിതവും 25 ഓളം കുടുംബങ്ങൾ അനുഭവിക്കുകയാണ്. നഗരസഭാ ജീവനക്കാരുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ഷാഡിലൈനിലെ ദുരവസ്ഥക്ക് കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.
നഗരത്തിൽ വെള്ളക്കെട്ട്:
സെക്രട്ടറിയെ ഉപരോധിച്ചു
കാനകൾ നവീകരിക്കാത്തതിനാലും അശാസ്ത്രീയമായ നടപ്പാത നിർമ്മാണത്തെയും തുടർന്ന് നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ആലുവ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
പുളിഞ്ചോട്, ബാങ്കുകവല, പങ്കജം, ലൈബ്രറിറോഡ്, മാർക്കറ്റ്റോഡ്, റെയിൽവേ സ്റ്റേഷൻ, കുന്നുംപുറംറോഡ്, ശ്രീകൃഷ്ണ ടെമ്പിൾറോഡ്, ഷാഡിലൈൻ തുടങ്ങിയ സ്ഥലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കാലവർഷമെത്തുന്നതോടെ സ്ഥിതിഗതി കൂടുതൽ രൂക്ഷമാകും. മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നതും പൊതുമരാമത്ത് വകുപ്പിന്റെയും മെട്രോയുടെയും അശാസ്ത്രീയമായ നടപ്പാത നിർമ്മാണവുമാണ് ദുരിതം വർദ്ധിപ്പിച്ചത്. നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
മെട്രോയുടെ നടപ്പാത നിർമ്മാണത്തിലെ അപാകതകൾ പരിശോധിച്ച് പരിഹാരം കാണാമെന്ന് സെക്രട്ടറി സമരക്കാർക്ക് ഉറപ്പുനൽകി.
ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, ജനറൽ സെക്രട്ടറി എൻ.വി. രത്‌നകുമാർ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി തുടങ്ങിയവർ സംസാരിച്ചു.
ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ
നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പൊതുയോഗം അവശ്യപ്പെട്ടു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ സംസാരിച്ചു. ഫിലിംക്രിട്ടിക്സ് അവാർഡിന് അർഹനായ റോയൽ ഫുഡ്‌സ് ഉടമ റഫീഖ് ചൊക്ലിയേയും അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെയും ആദരിച്ചു.