തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ ഒന്നാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി വിദ്യാർത്ഥിനി എ.എ. അബ്നയ്ക്ക് ഇത് അഭിമാന നിമിഷം. സെപ്റ്റംബറിൽ ഇറ്റാലിയ വേൾഡ് ഗെയിംസ് 2024 ൽ പങ്കെടുക്കുന്ന 19 പേരടങ്ങുന്ന ഇന്ത്യൻ സ്പീഡ് ഇൻലൈൻ റോളർ സ്കേറ്റിംഗ് ടീമിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായി അബ്ന. കഴിഞ്ഞ 10 വർഷമായി മുൻ ഇന്ത്യൻ ടീം കോച്ച് സിയാദിൻ്റെ കീഴിൽ സ്കേറ്റിംഗ് പഠിക്കുന്ന അബ്ന 6 വർഷമായി സംസ്ഥാന, ജില്ല ചാമ്പ്യനാണ്. 6-ാം ക്ലാസു മുതൽ പൂത്തോട്ട ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂഷൻസിലാണ് പഠനം. അഗ്നിരക്ഷാ സേനയിലെ മെക്കാനിക്കായ ചാലക്കപ്പാറ അമ്പിളി നിവാസിൽ അജയകുമാറിന്റെയും അദ്ധ്യാപികയായ ബിനുവിന്റെയും മകളാണ്. സഹോദരൻ ഇന്ദ്രജിത്ത്.