uc-college
ആലുവ യു.സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഏതൊരു സ്ഥാപനത്തിനും ആഘോഷങ്ങൾ കൂടുതൽ കരുത്തുപകരുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവ യു.സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ സി.ടി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു.

പൂർവ അദ്ധ്യാപകരായ ഡോ. സി. ജോയ്‌സ് മാത്യു, പ്രൊഫ. കെ. ഗോവിന്ദൻകുട്ടി മേനോൻ, പ്രൊഫ. കെ.പി. മാത്യു എന്നിവർക്ക് ഗുരുശ്രേഷ്ഠ അവാർഡുകൾ നൽകി ആദരിച്ചു. എം.പി. ഉമ്മൻ, ടി.വി. പൗലോസ്, ലീലാമ്മ ജേക്കബ് എന്നീ പൂർവ അനദ്ധ്യാപകർക്ക് കർമ്മശ്രേഷ്ഠ പുരസ്‌കാരവും നൽകി. ശതാബ്ദി സുവനീർ അൻവർ സാദത്ത് എം.എൽ.എ പ്രകാശിപ്പിച്ചു. മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ എം.ഐ. പൂന്നൂസ്, ഡോ. എം. അനിൽകുമാർ, സോണി വർഗീസ്, പി.സി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് നടന്ന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ടി.എസ്. രാജു, ചിക്കു ചാക്കോ, രാജൻ ആന്റണി കലാഭവൻ റഹ്മാൻ, കെ.ബി. വേണു, ലിജോ ജോസ് പെല്ലിശേരി, റാസി റൊസാരിയോ, ജൂഡ് ആന്റണി ജോസഫ്, ദുർഗ വിശ്വനാഥ്, ഫാസിൽ റസാക്ക് എന്നീ പൂർവവിദ്യാർത്ഥികൾക്ക് ശതാബ്ദി അവാർഡുകൾ സമ്മാനിച്ചു. സംവിധായകൻ കമൽ മുഖ്യാതിഥിയായി. റവ. തോമസ് ജോൺ, ഡോ. ആർ. മാലിനി, നീനോ ബേബി, പ്രൊഫ. എൻ.സി. ചാക്കോ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.