ആലുവ: ജൂൺ മാസം പിറന്നാൽ വർഷക്കാല മഴയാരംഭിക്കുമെങ്കിലും റൂറൽ ജില്ലയിലെ പൊലീസ് സേന ശരിക്കും 'വിയർക്കും'. സിവിൽ പൊലീസ് ഓഫീസർ മുതൽ എസ്.പി വരെയുള്ളവർക്ക് പണിയേറും. ഈ മാസം അവസാനത്തോടെ റൂറൽ ജില്ലയിൽ സർവീസിൽ നിന്നും വിരമിക്കുന്നത് 38 പൊലീസ് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ദിവസം ചുമതലയേറ്റ എ.എസ്.പി അനിൽ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ വിരമിക്കുന്നവരുടെ പട്ടികയിലുണ്ട്.
ഇത്രയേറെ ഉദ്യോഗസ്ഥർ ഒരേസമയം വിരമിക്കുന്നത് അപൂർവമാണ്. വിരമിക്കുന്നവരിലും കൂടുതൽ പേരെ റൂറൽ ജില്ലയിലേക്ക് അനുവദിച്ചാൽ മാത്രമെ ശരിയായ വിധത്തിൽ സേനക്ക് പ്രവർത്തിക്കാൻ കഴിയൂ. ഇപ്പോൾ തന്നെ ഭൂരിഭാഗം സ്റ്റേഷനുകളിലും അംഗബലം കുറവാണ്. ഇതിനിടയിലാണ് വിരമിക്കുന്നവരുടെ ഒഴിവുകൾ കൂടി ഉണ്ടാവുന്നത്.