* അടൂപ്പറമ്പിൽ16 പേർക്ക് രോഗബാധ
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിന് പിന്നാലെ പായിപ്ര പഞ്ചായത്തിലും മഞ്ഞപ്പിത്തബാധിതരെ കണ്ടെത്തി. ആവോലി അടൂപ്പറമ്പിൽ16 പേർക്കാണ് രോഗബാധ. പഞ്ചായത്തുളെ രണ്ടാർപ്രദേശത്തും മഞ്ഞപ്പിത്തബാധിതരുണ്ട്. അസുഖ ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഊർജ്ജിതമാക്കി.
ഒരുമാസംമുമ്പ് പ്രദേശത്ത് ഒരാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ളവർ ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.
അടൂപ്പറമ്പിലെ ഒരു കിണറ്റിൽനിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുടെ പ്രാഥമിക നിഗമനം. മറ്റേതെങ്കിലും സ്‌ഥലത്തുനിന്ന് രോഗം വ്യാപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനകളും തുടരുന്നുണ്ട്.
ആവോലിയിൽ വെള്ളിയാഴ്ചയും ഒരാൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചതോടെ ജനങ്ങളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളോടെ പത്തോളംപേർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.
പായിപ്ര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസേന മഞ്ഞപ്പിത്തബാധിതർ എത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവരുടെ എണ്ണം കണക്കാക്കിവരുന്നതേയുള്ളു.
രോഗബാധിതരിൽ ആരുടെയും നില ഗുരുതരമല്ലെന്നും രോഗം വ്യാപകമാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജ്ജിതമായി നടപ്പാക്കുന്നുണ്ടെന്നും ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് പറഞ്ഞു.