ration

കൊച്ചി: കൊവിഡ് കാലത്തെ കിറ്റ് കമ്മിഷൻ ഉടൻ വേണമെന്നാവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകാനൊരുങ്ങി റേഷൻ വ്യാപാരികൾ. 48 കോടി രൂപയാണ് ഈ ഇനത്തിൽ സ‌ർക്ക‌ാർ നൽകാനുള്ളത്. കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകാനാണ് വ്യാപാരികളുടെ തീരുമാനം.

കഴിഞ്ഞ ജനുവരി 18നാണ് കൊവിഡ് കാലത്ത് കിറ്റ് നൽകിയ റേഷൻ വ്യാപാരികൾക്ക് രണ്ടുമാസത്തിനുള്ളിൽ മുഴുവൻ കമ്മിഷൻ തുകയും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നാലുമാസമായിട്ടും കമ്മിഷൻ തുക നൽകാനോ ഇതിനുള്ള നടപടി ആരംഭിക്കാനോ സ‍‍ർക്കാർ തയ്യാറായിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതിനെതിരെ ഈ ആഴ്ച സംയുക്തമായി റേഷൻ വ്യാപാരികൾ കത്ത് നൽകും. കിറ്റ് കമ്മിഷനായി ആദ്യം സംയുക്തമായാണ് റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിപ്പിച്ചത്. എന്നാൽ വ്യക്തിഗത ഹർജി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഏകദേശം 10000 വ്യാപാരികൾ വ്യക്തിഗത ഹർജി നൽകി. ഇവരുടെ പണം നൽകാനായിരുന്നു കോടതി നി‌ർദ്ദേശിച്ചത്. ബാക്കി 4000ഓളം പേർ ഹ‌ർജികൾ നൽകിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളുടെ നിയമപോരാട്ടത്തി​നൊടുവിലാണ് കമ്മിഷൻ നൽകാൻ ഹൈക്കോടതിയും സുപ്രീംകോടതിയും ഉത്തരവായത്. ആദ്യം കേസിൽ കക്ഷി ചേർന്ന ആറ് വ്യാപാരികൾക്ക് സർക്കാർ കമ്മിഷൻ തുക നൽകി. 13 മാസമാണ് കിറ്റ് വിതരണം ചെയ്തത്. സേവനമായി കാണണമെന്നായിരുന്നു സർക്കാർ വാദം. സമരം ചെയ്തപ്പോൾ മൂന്ന് മാസത്തെ തുക കിട്ടി.

വീണ്ടും കുടിശിക

ഓരോ മാസവും റേഷൻ വിതരണം ചെയ്ത തുകയും വൈകുന്നുണ്ട്. ഏപ്രിലിലെ തുക ഇനിയും ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ട് പാസായിട്ടില്ല എന്നാണ് ലഭിച്ച വിവരം. ഏകദേശം 26 കോടി രൂപ വരുമിത്. മാർച്ചിൽ ലഭിക്കാനുള്ള പണം മേയ് ആദ്യമാണ് വ്യാപാരികൾക്ക് ലഭിച്ചത്. എല്ലാമാസവും 20ന് മുമ്പ് അതത് മാസത്തെ തുക ലഭിച്ചിരുന്നതാണ്. പണം വൈകുന്നതിനാൽ കടക്കെണിയിലാണെന്ന് വ്യാപാരികൾ പറയുന്നു.

കൊവിഡ് കാലത്തെ കമ്മിഷൻ- 48 കോടി

ഏപ്രിൽ മാസത്തെ കമ്മിഷൻ- 26 കോടി

ആകെ റേഷൻ വ്യാപാരികൾ - 14167

ഹൈക്കോടതി നിർദ്ദേശ പ്രകാരം കമ്മിഷൻ തുക നൽകാമെന്ന് സർക്കാർ അറിയിച്ചതാണ്. തുക നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകും.

-എൻ. ഷിജീർ

സംസ്ഥാന സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ