കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവവുമായി ബന്ധപ്പെട്ട് സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മലിനീകരണ നിയന്ത്രണബോർഡും കുഫോസും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അക്കാര്യം സബ് കളക്ടർ വിലയിരുത്തും. പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സ്വതന്ത്രഅന്വേഷണം നടത്തും.
റിപ്പോർട്ട് ലഭിച്ചശേഷം ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേരും. ഇതിനുശേഷമാകും തുടർനടപടി. മലിനീകരണ നിയന്ത്രണബോർഡിന്റെ പരിശോധനയ്ക്ക് പുറമേ മത്സ്യത്തിന്റെ ആന്തരികഘടനകൂടി പരിശോധിക്കാൻ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് ലക്ഷ്യമിടുന്നത്. ഏത് രാസപദാർത്ഥമാണ് വെള്ളത്തിൽ കലർന്നതെന്ന് വ്യക്തമായാൽ ആ രാസമാലിന്യം പുറത്തുവിടുന്ന കമ്പനിയെ കണ്ടെത്തും.
പെരിയാറിന്റെ സംരക്ഷണം ഉറപ്പാക്കും. മത്സ്യകർഷകർക്കുണ്ടായ നഷ്ടംകൂടി പരിഗണിക്കും. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ വിവിധ വകുപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പെരിയാറിന്റെ പൊതുവായ പരിശോധനകൂടി പരിഗണനയിലുണ്ട്. എങ്കിലം അടിസ്ഥാന പ്രശ്‌നം കണ്ടെത്തി ശാശ്വതപരിഹാരം സാദ്ധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം കുഫോസ് റിപ്പോർട്ട്
രണ്ടാഴ്ചയ്ക്കകം കുഫോസ് അന്തിമറിപ്പോർട്ട് ഫിഷറീസ് മന്ത്രിക്ക് കൈമാറും. കുണ്ടന്നൂരിലെ വെള്ളത്തിലും അമിതഅളവിൽ അമോണിയ അടങ്ങിയിട്ടുണ്ട്. ഓക്സിജന്റെ അളവും വളരെ കുറവായിരുന്നു. ഇവിടുത്തെ മീനിന്റെ പരിശോധനാഫലം രണ്ടാഴ്ചയ്ക്കുള്ളിൽ വരും. പെരിയാറിലെയും കുണ്ടന്നൂരിലെയും റിപ്പോർട്ട് ഒരുമിച്ചാകും നൽകുക. പെരിയാറിലെ വെള്ളത്തിൽ കൂടുതൽ രാസമാലിന്യം അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയും കുഫോസ് നടത്തുന്നുണ്ട്.