കൊച്ചി: രാഷ്ട്രീയ പ്രവർത്തനം ഒരു തൊഴിലായി അധ:പതിച്ചതാണ് ഇന്നത്തെ ദുര്യോഗമെന്ന് സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. മട്ടമ്മൽ അയ്യൻ വൈദ്യർ മെമ്മോറിയൽ ട്രസ്റ്റിന്റെ 22-ാമത് വാർഷി​കവും കുടുംബ സംഗമവും നെട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാർത്ഥകാര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. പണവും അധികാരവും ഉപയോഗിച്ചുള്ള രാഷ്ട്രീയം രാജ്യത്തെ നശിപ്പിക്കും. സോഷ്യലിസ്റ്റ് നേതാക്കൾ മുന്നോട്ടുവച്ച ആദർശ രാഷ്ട്രീയത്തെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് പ്രസിഡൻ്റ് എം എ കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. ശതാഭിഷിക്തനായ തമ്പാൻ തോമസിനെയും ആയുർവേദ ചികിത്സാരംഗത്ത് 70 വർഷം പിന്നിട്ട എം.എ. കമലാക്ഷൻ വൈദ്യരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം
തൃപ്പൂണിത്തുറ ആയുർവേദ കോളേജ് വകുപ്പ് മേധാവി ഡോ. എസ്.സീന ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, മരട് മുനിസിപ്പൽ കൗൺസിലർ എ.ജി.അനീഷ് ഉണ്ണി, നെട്ടൂർ-മാടവന ശ്രീനാരായണ സേവാ സംഘം വൈസ് പ്രസിഡന്റ് എ. ആർ പ്രസാദ്, തേവര മട്ടമ്മൽ ഫാമിലി അസോസിയേഷൻ സെക്രട്ടറി എം.കെ.സച്ചിതാനന്ദൻ, ഡോ.ഭഗവൽ ഭാസ് എന്നിവർ സംസാരി​ച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ.എ.കെ. ബോസ് സ്വാഗതവും ട്രഷറർ എം.ജി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.