sindhu-sundaran
വനിത സഹകാരി അവാർഡ് സിന്ധു സുന്ദരന്

കൊച്ചി​: മിനിസ്ട്രി ഒഫ് കോർപ്പറേറ്റ് അഫയേഴ്‌സിന്റെ അംഗീകാരത്തോടെ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകാര്യം സഹകരണ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. വനിതാ സഹകരണ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനത്തിന് എറണാകുളം ജില്ലയിലെ ഏലൂർ ഉദ്യോഗമണ്ഡൽ വനിതാ സഹകരണ സംഘം പ്രസിഡന്റ് സിന്ധു സുന്ദരനെ വനിത സഹകാരി പുരസ്‌കാരത്തിന് തി​രഞ്ഞെടുത്തു.
1993ൽ ആരംഭിച്ച ഏലൂർ ഉദ്യോഗമണ്ഡൽ വനിതാ സഹകരണസംഘം ഇന്ന് 5000ത്തോളം അംഗത്വവും 4കോടി നിക്ഷേപവും 3.5 കോടി വായ്പയും ഉള്ള സ്ഥാപനമാണ്. 2018 മുതൽ സംഘം ലാഭത്തിലാണ്. വിവിധ നിക്ഷേപ വായ്പ പദ്ധതികൾ എം.ഡി.എസ് പദ്ധതികൾ എന്നിവ നടപ്പാക്കിയിട്ടുണ്ട്. അംഗങ്ങൾക്ക് ലാഭവിഹിതവും നൽകിവരുന്നു. ദുർബലാവസ്ഥയിൽ കിടന്ന സംഘത്തെ ഇന്നത്തെ വളർച്ചയിലേക്ക് നയിച്ചതിൽ സിന്ധുവിന്റെ നേതൃത്വം പ്രധാന പങ്ക് വഹിച്ചു.
കൊച്ചി മെർമെയ്ഡ് ഹോട്ടലിൽ ചേർന്ന സഹകരണ സമ്മേളനത്തിൽ വച്ച് സഹകാര്യം ഡയറക്ടർ ചാന്ദ്‌നി കൃഷ്ണകുമാറിൽ നിന്നും സിന്ധു പുരസ്‌കാരം ഏറ്റു വാങ്ങി. റിട്ട. ജോയിന്റ് രജിസ്ട്രാർ എം.ഡി. രഘു, വി.വി. സോഹൻലാൽ, പി.എച്ച്. സാബു എന്നിവർ പങ്കെടുത്തു.