പെരുമ്പാവൂർ: കൈയേറ്റം വ്യാപകമായതോടെ 5 മീറ്ററിലധികം ഉണ്ടായിരുന്ന ഒക്കൽ പഞ്ചായത്തിലെ കുണ്ടുതോട് ഒരു മീറ്ററിലേക്ക് ചുരുങ്ങിയതോടെ കനത്ത മഴയിൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട 25 ഓളം വീടുകളിൽ വെള്ളം കയറി നാട്ടുകാർ ദുരിതത്തിൽ. ഈ വീട്ടുകാരെ ഒക്കൽ എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കിണറുകളിലെ ശുദ്ധജലം മലിനമായതോടെ കുടിക്കുവാനും കുളിക്കാനും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയും ഇതോടെ വർദ്ധിച്ചു. ഇക്കാര്യത്തിൽ പരിഹാരം തേടി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പഞ്ചായത്ത് ഭരണസമിതിക്കും മറ്റ് അധികൃതർക്കും പലവട്ടം പ്രദേശവാസികൾ പരാതി നൽകിയതാണ്. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ഒക്കൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
തോട് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണം, പെരിയാർ എത്തുന്നതുവരെ വീതികൂട്ടി തോട് സംരക്ഷിക്കണം, പ്രദേശവാസികളുടെ ദുരിതം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധ സമരം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷനായി. അജിൽകുമാർ മനയത്ത്, അമ്പാടി വാഴയിൽ, നിഷ ഷിബു, പി.കെ. ശിവജി, എം.കെ. രാജേഷ്, എം.കെ. ശിവൻ, ഷണ്മുഖൻ, കുഞ്ഞുമോൻ, ടി.എ. അശോകൻ, സുകുമാരൻ, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.