പെരുമ്പാവൂർ: സർക്കാർ സ്കൂളുകളിൽ പി.ടി.എകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ഏകീകൃതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പി.ടി.എകളുടെ ഉത്തരവാദിത്ത്വങ്ങളെ കുറിച്ച് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. പഠനവും ശുചിത്വവും അദ്ധ്യാപനമികവും ആയിരിക്കും അടുത്ത അദ്ധ്യയന വർഷത്തെ പ്രധാന ലക്ഷ്യം. പ്രവേശനോത്സവത്തിന് മുമ്പായി മുഴുവൻ അദ്ധ്യാപകർക്കും ഇതിനുള്ള പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. പുല്ലുവഴി ജയ കേരളം ഹയർസെക്കൻഡറി സ്കൂളിലെ അലൂമ്നി ആൻഡ് റിട്ട. ടീച്ചേഴ്സ് അസോസിയേഷന്റെ പതിനാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അസോസിയേഷൻ പ്രസിഡണ്ട് ആർ. എം. രാമചന്ദ്രൻ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി. അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ദീപ ജോയ്, മിനി നാരായണൻകുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ബി. അലക്സാണ്ടർ, പാർവതിദേവി, സി. പ്രഭാകരൻ പിള്ള, എസ്. മനോജ്, മുൻ ഹെഡ്മാസ്റ്റർ പി.ഐ. ശിവരാജൻ, സ്മിത താരു, എ. കൃഷ്ണൻ, ജി. കൃഷ്ണകുമാർ, സി.എസ്. ദേവസി, വി.എം. ഉണ്ണി എന്നിവർ സംസാരിച്ചു.