okkal1

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഓഫീസിനും പരിസരങ്ങളിലുമുള്ള അറുപതോളം കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. വെള്ളം ഒഴുകിപ്പോകാനുള്ള കുണ്ടൂർ തോട് ചില സ്വകാര്യ വ്യക്തികൾ കയ്യേറി വീതി കുറഞ്ഞതിനാൽ നീരൊഴുക്ക് തീരെ ഇല്ലാത്ത അവസ്ഥയിലാണ്. രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിൽ വെള്ളം ഒഴുകി പോകാതെ അറുപതോളം കുടുംബങ്ങളാണ് ഇതോടെ ദുരിതം അനുഭവിക്കുന്നത്. തൊട്ടടുത്ത കുണ്ടുപാടം മണ്ണിട്ട് നികത്തിയതുമൂലം വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായി. 15 കുടുംബങ്ങളെ ഒക്കൽ ഗവ : എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് ഓഫീസും തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളും പാടശേഖരവും വെള്ളക്കെട്ട് ഭീഷണിയിലാണ്. തോടിലെ കൈയേറ്റം വർഷങ്ങൾക്കു മുൻപ് തന്നെ റവന്യൂ അധികാരികൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ പഞ്ചായത്തിന്റെ അനാസ്ഥയിൽ സത്വര നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നിരവധി തവണ ഇക്കാര്യം അധികൃതർക്ക് മുമ്പിൽ ഉന്നയിച്ചെങ്കിലും സ്വാധീനങ്ങൾക്ക് വഴങ്ങി നടപടികളൊന്നും ഉണ്ടായില്ല.

റവന്യൂ വകുപ്പിൽ നിന്നും കയ്യേറ്റം കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കൊടുക്കാത്തതിനാലാണ് പഞ്ചായത്തിന് നടപടികൾ എടുക്കാൻ സാധിക്കാത്തത്

കെ.എം. ഷിയാസ്

പഞ്ചായത്ത് പ്രസിഡന്റ്

വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ഒക്കൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. തോട് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണം,​ പെരിയാർ എത്തുന്നതുവരെ വീതികൂട്ടി തോട് സംരക്ഷിക്കണം,​ പ്രദേശവാസികളുടെ ദുരിതം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധ സമരം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷനായി. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ,​ അജിൽകുമാർ മനയത്ത്, അമ്പാടി വാഴയിൽ, നിഷ ഷിബു, പി.കെ. ശിവജി, എം.കെ. രാജേഷ്, എം.കെ. ശിവൻ, ഷണ്മുഖൻ, കുഞ്ഞുമോൻ, ടി.എ. അശോകൻ, സുകുമാരൻ, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.